![](https://www.nrimalayalee.com/wp-content/uploads/2021/02/Delhi-Covid-Negative-Certificate-for-Travelers-from-Kerala.jpg)
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. പ്രതിദിന കോവിഡ് കേസുകളിൽ ആറ് ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ കോവിഡ് വ്യാപനത്തിന്റെ കാരണം ഒമിക്രോൺ വൈറസാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
രോഗം സ്ഥിരീകരിക്കുന്ന പകുതിയിൽ അധികം ആളുകൾക്കും ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന കാര്യം ആശ്വാസകരമാണ്. എങ്കിലും ആശുപത്രികളിൽ ഐസൊലേഷൻ ബെഡുകൾ ഉൾപ്പെടെ കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് പുതുതായി 2.6 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലെത്തിയത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. മഹാരാഷ്ട്രയിൽ മാത്രം തുടർച്ചയായി നാൽപ്പതിനായിരത്തിന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകൾ. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 21 ശതമാനവും ഡൽഹിയിൽ നിന്നുള്ളതാണ്.
നിലവിലെ സ്ഥിതി മറികടക്കാൻ വാക്സിനേഷനിലൂടെ മാത്രമേ സാധിക്കൂ എന്ന വിലിരുത്തൽ ആരോഗ്യ മന്ത്രാലയത്തിനുണ്ട്. ഇപ്പോഴുള്ള വാക്സിനേഷൻ ക്യാംപുകൾക്ക് പുറമേ കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കാനും വാക്സിനേഷൻ പുരോഗതി കൃത്യമായി കേന്ദ്രത്തിനെ അറിയിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സ്കൂൾ തലത്തിൽ വിദ്യാർഥികൾക്കായി പ്രത്യേകം ക്യാമ്പൊരുക്കാനും ധാരണയായി.
അതിനിടെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും അടക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെയാണ് അടച്ചിടുക. ഈ മാസം 21 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. മറ്റ് മേഖലകളിലും നിയന്ത്രണങ്ങൾ ഉണ്ടായേക്കും. 10,11,12 ക്ലാസുകൾ മാത്രമായിരിക്കും ക്ലാസുകൾ നടക്കുക. ഓൺലൈൻ ക്ലാസുകൾ തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല