1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി ജീവനക്കാര്‍ക്ക് ബാങ്ക് ലോണ്‍ ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍. നല്ല വരുമാനമില്ലാത്ത പ്രവാസികള്‍ക്ക് ബാങ്ക് വായ്പയ്ക്ക് അര്‍ഹത ഇല്ലാത്ത വിധം വായ്പാ നയത്തില്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കുവൈത്തിലെ മിക്ക ബാങ്കുകളും. ഇതുപ്രകാരം ഉയര്‍ന്ന ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്കു മാത്രമേ വായ്പ ലഭിക്കൂ എന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

വായ്പ എടുക്കുന്ന പ്രവാസിയ്ക്ക് ചുരുങ്ങിയത് 700 കുവൈത്ത് ദിനാര്‍ മാസ ശമ്പളം ഉണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥകളില്‍ പ്രധാനം. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷത്തോളം ഇന്ത്യന്‍ രൂപ വരുമിത്. മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ വായ്പാ ചട്ടങ്ങളില്‍ ചെറിയ ഇളവുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ വീണ്ടും ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്ന് തുക ഈടാക്കുക എളുപ്പമാക്കുന്നതിന് വേണ്ടിയാണിതെന്ന് പത്രം വ്യക്തമാക്കി.

പുതുതായി ജോലിയില്‍ പ്രവേശിച്ച പ്രവാസികള്‍ക്ക് വായ്പ നല്‍കേണ്ടതില്ലെന്ന തീരുമാനവും പുതിയ വായ്പാ നയത്തിന്‍റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ട്. ഇവര്‍ക്ക് ഉയര്‍ന്ന ജോലി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ വായ്പ നല്‍കൂ. അതേസമയം, സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സമയത്ത് വലിയ തുക ഗ്രാറ്റുവിറ്റിയായി ലഭിക്കുന്ന തൊഴിലാളികളെ 700 ദിനാര്‍ എന്ന മാസ ശമ്പള വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എടുക്കുന്ന ലോണിനേക്കാള്‍ തുക ഗ്രാറ്റുവിറ്റി ലഭിക്കുന്നവര്‍ക്കാണ് ഇളവുള്ളത്. അതിനുള്ള രേഖകള്‍ ലോണ്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.

സുരക്ഷിതമായ ജോലികളുള്ളവര്‍ക്കും വായ്പാ നിബന്ധനകളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഉദാഹരണമായി ആരോഗ്യം, വിദ്യാഭ്യാസം, ഒഖാഫ് എന്നീ മന്ത്രാലയങ്ങളില്‍ നല്ല ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള പരിധി ബാധകമല്ല. 700 ദിനാറില്‍ കുറവ് ശമ്പളമാണെങ്കിലും ഇവര്‍ക്ക് ലോണ്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍, ഇതിനുള്ള രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കോവിഡ് വ്യാപനത്തിന് മുമ്പ് തന്നെ ചില ബാങ്കുകള്‍ പ്രവാസികള്‍ക്ക് വായ്പ നല്‍കുന്നത് നിര്‍ത്തിയിരുന്നു. 1000 ദിനാര്‍ മാസ ശമ്പളമുള്ളവര്‍ക്ക് മാത്രമായിരുന്നു അവ ലോണ്‍ അനുവദിച്ചിരുന്നത്. ബാങ്കുകളുടെ പുതിയ തീരുമാനം താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.