സ്വന്തം ലേഖകൻ: ഒമിക്രോൺ ആശങ്കൾക്കിടെ രാജ്യത്ത് മാറ്റമില്ലാതെ പ്രതിദിന കോവിഡ് ബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,37,704 പേർക്കാണ് രോഗം ബാധിച്ചത്. 488 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തെ കോവിഡ് വിവരങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗബാധയിൽ ഇടിവുണ്ടായിട്ടുണ്ട്.
മുൻ ദിവസത്തേക്കാൾ 9,550 കോവിഡ് കേസുകളുടെ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 3,37,704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ചികിത്സയിൽ കഴിഞ്ഞിരുന്ന 2,42,676 പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 21,13,365 സജീവ കേസുകളാണ് നിലവിലുള്ളത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനം ആണ്.
കോവിഡ് കേസുകളിൽ ഇടിവുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുകയാണ്. പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 10,050 ആയി ഉയർന്നു. കഴിഞ്ഞദിവസത്തെ കണക്കുകളിൽ നിന്ന് 3.69 ശതമാനത്തിന്റെ വർധനവാണ് ഒമിക്രോൺ കേസുകളിൽ ഉണ്ടായിരിക്കുന്നത്.
മഹാരാഷ്ട്ര, കർണാടക, കേരളം സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ ആശങ്കയാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,270 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് കേസുകൾ ഉയരുകയാണ്. കർണാടകയിൽ 48,049, കേരള 41,668 , തമിഴ്നാട് 29,870, ഗുജറാത്ത് 21,225 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ.
കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ, തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143 എന്നിവിടങ്ങളിലായിരുന്നു കൂടുതൽ കേസുകൾ. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,053 പേര് രോഗമുക്തി നേടുകയും ചെയ്തിരുന്നു.
അതിനിടെ ഒമിക്രോൺ വ്യാപനം തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് ഫെബ്രുവരി 28 വരെ മാറ്റിവെച്ചു. അടുത്ത മാസാവസാനം വരെ രാജ്യത്തിനകത്തേക്കും പുറത്തേക്കും നിലവിലെ ‘എയർ ബബ്ൾ’ ക്രമീകരണ പ്രകാരം വിമാന സർവിസ് നടത്തുമെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
ഡിസംബർ 15ന് അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിക്കാനിരുന്നതാണ്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് തീരുമാനം മാറ്റി. അടുത്ത മാസം പകുതിയോടെ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കും. ലോക്ഡൗണിനെ തുടർന്ന് 2020 മാർച്ച് 23 മുതലാണ് പതിവ് അന്താരാഷ്ട്ര വിമാന സർവിസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല