![](https://www.nrimalayalee.com/wp-content/uploads/2021/06/Oman-Vaccination-Government-Offices.jpg)
സ്വന്തം ലേഖകൻ: പുതിയ കോവിഡ് നിബന്ധനകള്‍ പുറപ്പെടുവിച്ച് ഒമാന്‍ സുപ്രീം കമ്മിറ്റി. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമായി കുറച്ചു. ബാക്കിയുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി അറിയിച്ചു.
നിയന്ത്രണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരം നിര്‍ത്തിവെച്ചു. മസ്ജിദുകളില്‍ അഞ്ച് നേരത്തെ നിസ്കാരം തുടരും. സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമായി പരിമിതപ്പെടുത്തി. കൂടാതെ, സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും മാറ്റിവയ്ക്കണമെന്നും സുപ്രിം കമ്മിറ്റി ഉത്തരവിറക്കി.
പള്ളികളിലും 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം നല്‍കുക. ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ച മുഴുവന്‍ കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം പ്രാര്‍ഥനകള്‍ അനുഷ്ഠിക്കേണ്ടത്.
കൂടാതെ, കോണ്‍ഫറന്‍സുകളും എക്സിബിഷനുകളും ഉള്‍പ്പെടെ പൊതു സ്വഭാവമുള്ള എല്ലാ പരിപാടികളും മാറ്റിവയ്ക്കണം. വാക്സിനേഷന് സ്വീകരിച്ചതിന് രേഖ, സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ തുടങ്ങിയ ഉറപ്പുവരുത്തണം. ഇത്തരം പരിപാടികള്‍ നടത്തുകയാണെങ്കില്‍ കാഴ്ചക്കാരില്ലാതെ ആയിരിക്കണം. റസ്റ്ററന്റുകള്‍, കഫെകള്, കടകള്‍, മറ്റ് വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
രാജ്യത്തെ മുഴുവന്‍ ആളുകളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന് സ്വീകരിക്കണമെന്നും സുപ്രിം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ നിബന്ധനകള്‍ രണ്ടാഴ്ചത്തേയ്ക്ക് ബാധകമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല