![](https://www.nrimalayalee.com/wp-content/uploads/2021/08/Oman-Expat-Teachers-Hotel-Quarantine.jpg)
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ഏകീകൃത അഡ്മിഷന് നടപടികള്‍ക്ക് ജനുവരി 26ന് തുടക്കമാകും. 2022- 2023 അക്കാദമിക വര്‍ഷത്തിലേക്കുള്ള അഡ്മിഷന് നടപടികള്‍ ഇത്തവണ ഓണ്‍ലൈനായി മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മസ്കറ്റിലെ കെജി-1 മുതല്‍ പ്ലസ് വണ്‍ വരെയുള്ള ക്ലാസുകളിലേക്കുള്ള പുതിയ അഡ്മിഷന് നടപടികളാണ് ബുധനാഴ്ച മുതല്‍ ആരംഭിക്കുക. കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകളിലെ തിരക്ക് ഒഴിവാക്കാനാണ് ഇത്തവണ സെന്‍ട്രലൈസ്ഡ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് രീതി നടപ്പിലാക്കാന്‍ ഇന്ത്യന്‍ സ്കൂളുകളുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തത്.
അഡ്മിഷന് നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനായിട്ടാണ് നടപ്പിലാക്കുകയെന്നും രക്ഷിതാക്കളോ കുട്ടികളോ സ്കൂളുകളിലേക്ക് വരേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. മസ്കറ്റിലെ ഏഴ് ഇന്ത്യന്‍ സ്കൂളുകള്‍ ചേര്‍ന്നാണ് ഏകീകൃത അഡ്മിഷന് രജിസ്ട്രേഷന് രീതി നടപ്പിലാക്കുന്നത്. ബൗഷര്‍, മസ്കറ്റ്, ദര്‍സൈത്ത്, അല്‍ വാദി അല്‍ കബീര്‍, അല്‍ ഗുബ്റ, അല്‍ സീബ്, അല്‍ മബീല എന്നിവിടങ്ങളിലെ ഇന്ത്യന്‍ സ്കൂളുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. ഇവയില്‍ ഏത് സ്കൂളുകളിലേക്കുമുള്ള അഡ്മിഷന് സെന്‍ട്രലൈസ്ഡ് രജിസ്ട്രേഷന് സിസ്റ്റം വഴി അപേക്ഷിക്കാം. ഫെബ്രുവരി 28 ആണ് ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി.
ഇന്ത്യക്കാരും അല്ലാത്തവരുമായ പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യന്‍ സ്കൂളുകളില്‍ അഡ്മിഷന് ലഭിക്കും. സാധുവായ താമസ വിസ ഉള്ളവരായിരിക്കണം രക്ഷിതാവെന്ന് നിബന്ധനയുണ്ട്. ഏപ്രില്‍ ഒന്നിന് മൂന്ന് വയസ് പൂര്‍ത്തിയാവുന്ന കുട്ടികള്‍ക്ക് കിന്റര്‍ ഗാര്‍ട്ടന്‍ ക്ലാസ്സില്‍ പ്രവേശനം ലഭിക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ അഡ്മിഷന് നടപടികള്‍ മസ്കറ്റിലെ ഇന്ത്യന്‍ സ്കൂളിലുള്ള കെയര്‍ ആന്റ് സ്പെഷ്യല്‍ എഡ്യുക്കേഷനില്‍ വച്ചാണ് നടക്കുക. ഇവിടെ രക്ഷിതാക്കള്‍ നേരിട്ടെത്തി അഡ്മിഷന് എടുക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് http://indianschoolsoman.com/our-services/admission-2022-23/ എന്ന ലിങ്കില്‍ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല