![](https://www.nrimalayalee.com/wp-content/uploads/2021/04/Kerala-Covid-19-Update-Coronavirus-Cases-Hotspots-Lockdown.jpg)
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് 19 കേസുകള്‍ നന്നായി കുറയുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒമിക്രോൺ വ്യാപന തോത് കുറയുന്നത് ആശ്വാസകരമാണെന്നും എന്നാൽ ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി. ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് നിലവിൽ കൊവിഡ് 19 മൂന്നാം തരംഗമാണുള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വ്യാപന തോത് കുറയുന്നത് ആശ്വാസമാണെങ്കിലും ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ച്ചയായ ദിവസങ്ങളിൽ അൻപതിനായിരത്തിനു മുകളിൽ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് ആരോഗ്യമന്ത്രി മാധ്യമങ്ങളോടു സംസാരിച്ചത്.
ജനുവരി ഒന്ന് മുതലുള്ള കൊവിഡ് കണക്കുകള്‍ വിലയിരുത്തിയാണ് സംസ്ഥാന സര്‍ക്കാരിൻ്റെ നിഗമനം. കഴിഞ്ഞ ആഴ്ച രോഗവ്യാപനത്തിൻ്റെ തോത് 200 ശതമാനത്തിനു മുകളിലാണെങ്കിൽ നിലവിൽ ഇത് 58 ശതമാനത്തിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ.
നിലവിൽ തിരുവനന്തപുരം ജില്ലയിൽ കൊവിഡ് 19 കേസുകള്‍ കുറയുകയാണ്. ഉടൻ തന്നെ എറണാകുളത്തും കേസുകളുടെ എണ്ണം കുറയും. കേസുകളുടെ എണ്ണം പരമാവധിയിലെത്തിയിട്ട് കുറയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. നിലവിലെ കണക്കുകള്‍ പ്രകാരം ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ വലിയ വര്‍ധനവില്ല. കൂടാതെ മരണസംഖ്യയും വര്‍ധിക്കുന്നില്ല.
കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളിൽ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവുള്ളത്. ജില്ലാ അതിര്‍ത്തികളിലും പ്രധാന കേന്ദ്രങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ജനങ്ങള്‍ അനാവശ്യയാത്രകള്‍ ഒഴിവാക്കാനാണ് പോലീസ് നിര്‍ദേശം.
സംസ്ഥാനത്തെ രോഗവ്യാപനം വിലയിരുത്താനായി നാളെ കൊവിഡ‍് അവലോകന യോഗം ചേരും. ഞായറാഴ്ചകളിൽ ഏര്‍പ്പെടുത്തുന്ന അധിക നിയന്ത്രണങ്ങള്‍ പിൻവലിക്കുന്ന കാര്യത്തിലടക്കം നാളെ തീരുമാനമുണ്ടായേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല