കഷ്ട്ടകാലന്‍
നഴ്സിനെ കെട്ടി യു കെയില്‍ വന്നതിനു ശേഷം കുടുംബപ്പേര് എന്ന് കേള്‍ക്കുന്നതു തന്നെ കഷ്ട്ടകാലന് കലിപ്പാണ്.ആരുടേയും കാതുകള്‍ക്ക് കുളിര്‍മ പകരുന്ന കഷ്ട്ടകാലപ്പറമ്പില്‍ എന്ന വീട്ടു പേര് കൈമോശം വന്നത് യു കെയില്‍ വന്നതിനു ശേഷമാണ്.കോട്ടയം കവലയില്‍ ഇറങ്ങി നിന്ന് മുണ്ടും മടക്കിക്കുത്തി രണ്ടു സ്മോളും അടിച്ച് ഈ കഷ്ട്ടകാലപ്പറമ്പില്‍ കഷ്ട്ടകാലനോട് കോഡ് ചോദിക്കാന്‍ ആരുണ്ടെടാ എന്ന് ചോദിക്കാന്‍ വലിയൊരു ജാട തന്നെയായിരുന്നു.കൈയ്യില്‍ കാശോന്നുമില്ലെങ്കിലും സ്വന്തം വീട്ടുപേരും പറഞ്ഞ് അത്യാവശ്യം ഗമയ്ക്ക് നാട്ടില്‍ വിലസി നടക്കുമ്പോഴാണ് ഒരു സുപ്രഭാതത്തില്‍ തോട്ടിപ്പറമ്പിലെ മാധവന്‍ ചേട്ടന്‍ കഷ്ട്ടകാലത്തിയുടെ ആലോചനയുമായി വീട്ടില്‍ കടന്നു വരുന്നത്.ലണ്ടന്‍ നഴ്സ് എന്ന് കേട്ടാല്‍ കോള്‍മയിര്‍ കൊണ്ടിരുന്ന കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ കയ്യിലെ ജോര്‍ജ് കുട്ടിയുടെ പരിമിതി മനസിലാക്കി നഴ്സിനെ കെട്ടി ഈയുള്ളവന്‍ വണ്ടി കയറി.
പിന്നീടാണ് അപ്പന്‍റെ പേരിനും വീട്ടുപെരിനുമല്ല മറിച്ച്,ഭാര്യയുടെ പേരിനാണ് യു കെയില്‍ മതിപ്പ് വിലയെങ്കിലും ഉള്ളതെന്ന് കഷ്ട്ടകാലന്‍ മനസിലാക്കിയത്.സാധാരണക്കാരില്‍ സാധാരണക്കാരന്‍ ആയ ഈയുള്ളവന്‍ മാറോട് ചേര്‍ത്ത് കെട്ടിപ്പിടിച്ച അപ്പന്‍ ഈപ്പച്ചന്റെ പേരും ആരെയും കോള്‍മയിര്‍ കൊള്ളിക്കുന്ന കഷ്ട്ടകാലപ്പറമ്പില്‍ എന്ന വീട്ടുപേരും കൈമോശം വന്നു.പകരം കഷ്ട്ടകാലത്തിയുടെ കെട്ടിയോന്‍ എന്ന പദവിയായിരുന്നു ഈ പാവപ്പെട്ടവനും നല്‍കപ്പെട്ടത്.കാശിനുപരി ആത്മാഭിമാനമാണ് എനിക്കു വലുത് എന്ന് ആദ്യമൊക്കെ മസിലു പിടിച്ചു നോക്കിയെങ്കിലും അന്നത്തെ പൌണ്ട് വിലയും തിരികെ ചെന്നാല്‍ വീണ്ടും വഴിയില്‍ പോസ്റ്റാകുന്ന അവസ്ഥയും ഓര്‍ത്തപ്പോള്‍ തല്‍ക്കാലം ഈ നാണക്കേട് മനസില്ലാ മനസോടെ സഹിക്കാന്‍ തന്നെ കഷ്ട്ടകാലന്‍ തീരുമാനിക്കുകയായിരുന്നു.
ഉള്ളതു പറയാമല്ലോ,ഏതാണ്ട് ഏഴെട്ട് വര്‍ഷങ്ങള്‍ യു കെയില്‍ കമ്പനിപ്പണിയെടുത്ത് അത്യാവശ്യം ചില്ലറ ഉണ്ടാക്കി നാട്ടില്‍ ഇത്തിരി സ്ഥലവും ഒരു വീടുമൊക്കെ തരപ്പെടുത്തി ഒടുവില്‍ ബര്‍ഗണ്ടി കളര്‍ പാസ്പോര്‍ട്ടും കയ്യില്‍ കിട്ടിയപ്പോള്‍ ആണ് കഷ്ട്ടകാലപ്പറമ്പില്‍ എന്ന വീട്ടുപേരും ഈപ്പച്ചന്‍ എന്ന അപ്പന്‍റെ പേരും ഈയുള്ളവന് തിരികെ തരാന്‍ യു കെയിലെ ചേട്ടന്മാര്‍ തയ്യാറായത്.ആത്മാഭിമാനമായ വീട്ടുപേര് തിരികെക്കിട്ടിയ സന്തോഷത്തില്‍ ഭാര്യയുടെ പേരിലുള്ള വീടിന്‍റെ പുറത്തും സ്വന്തം കാറിലും നാട്ടില്‍ നിന്നും കൊണ്ടുവന്ന മലയാളത്തിലുള്ള വീട്ടുപേര്‍ കൊത്തിവച്ചു.സാമ്പത്തിക മാന്ദ്യം മൂലം കമ്പനിപ്പണിയില്‍ കുറവു വന്നപ്പോള്‍
ഒരു ടൈം പാസിനാണ് കുന്നായ്മകള്‍ ഇല്ലാത്ത ഒരു ഓണ്‍ലൈന്‍ പത്രം ഈയുള്ളവനും കൂട്ടുകാരും കൂടി തുടങ്ങിയത്.ദൈവം സഹായിച്ച് ഇപ്പോള്‍ അതിന് പ്രതിദിനം നാലായിരത്തോളം പേര്‍ വായനക്കാരുമുണ്ട്.
അങ്ങിനെ അത്യാവശ്യം നല്ല രീതിയില്‍ കഴിഞ്ഞു പോകുമ്പോഴാണ് കഷ്ട്ടകാലന്‍ കുടുംബത്തില്‍ പിറന്നതല്ലെന്ന ആരോപണവുമായി ഇടകടത്തി ആശാനും തോട്ടി ശിക്ഷ്യനും രംഗത്ത് വരുന്നത്.പണ്ട് ആശാനും ശിക്ഷ്യനും പ്രണയിച്ചു നടന്നിരുന്ന അലക്സ എന്ന അമേരിക്കക്കാരിയുമായി അല്പം കുശലം പറഞ്ഞതിനാണ് ഈ ആക്ഷേപം.സ്വന്തം കുപ്രസിദ്ധിക്ക് വേണ്ടി പെണ്ണുമ്പിള്ളയുടെ പേരുപോലും വലിച്ചിഴയ്ക്കാന്‍ മടിക്കാത്ത ആശാനും പരസ്യമായി ഭാര്യയുടെ ചെരുപ്പിന്റെ ചൂടറിഞ്ഞ ശിക്ഷ്യനുമാണ് ഈ സദാചാരം പറയുന്നത് എന്നോര്‍ക്കണം.
അലക്സയെ കൈവിട്ട രണ്ടു പേരും ഇപ്പോള്‍ ഗൂഗിള്‍ അനലിട്ടിക്സിന്റെ പുറകെ മണത്തു നടക്കുകയാണ്.അല്ല ഒരു സംശയം ചോദിച്ചോട്ടെ ചേട്ടാ.. അലക്സയ്ക്ക് നിങ്ങളോട് സ്നേഹം കുറയുന്നതിനും ഈയുള്ളവന്‍ ഉത്തരവാദിയാണോ ? ഇതിനിടെ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ആശാന്‍ തന്‍റെ അനലിട്ടിക്സിനെ ശിക്ഷ്യന് ഒരു ദിവസത്തേക്ക് കടം കൊടുക്കുകയും ചെയ്തു.എന്താ ഈ ആശാന്‍ ശിക്ഷ്യന്‍മാരുടെ സ്നേഹം അല്ലേ.ബ്രിട്ടിഷ് എം പിയുടെ പടവും മിക്കവാറും വാര്‍ത്തകളും വച്ചു മാറിയ രണ്ടുപേരും കൂടി ഇനി എന്തൊക്കെ വച്ചു മാറുമോ ആവോ ..
കഷ്ട്ടകാലന് വെറുതെയിരിക്കാന്‍ പറ്റുവോ…ആറ്റു നോറ്റുണ്ടാക്കിയ കുടുംബപ്പേര് കളഞ്ഞ് പെട്ടെന്നൊരു ദിവസം കുടിയാനാക്കിയാല്‍ സഹിക്കാന്‍ പറ്റുമോ…എടുത്തു ഒരു ഗൂഗിള്‍ അനലിട്ടിക്സ് അക്കൌണ്ട്.വായനക്കാര്‍ നാലായിരം കടന്ന സെപ്റ്റംബറിലെ ഒരു തണുത്ത രാത്രിയില്‍ ഒരു സ്ക്രീന്‍ ഷോട്ടും സംഘടിപ്പിച്ചു.വെണ്ടയ്ക്ക മുഴുപ്പില്‍ രാജ്യം തിരിച്ച് ,യു കെയിലെ സിറ്റി തിരിച്ച് വാര്‍ത്തയും കൊടുത്തു.വായനക്കാര്‍ക്ക് ഇതൊന്നും ബാധകമല്ലെങ്കിലും കുറഞ്ഞ പക്ഷം കച്ചവടക്കാരെയെങ്കിലും ബോധിപ്പിക്കണ്ടായോ ..വാര്‍ത്ത വന്ന് മാസം ഒന്ന് കഴിഞ്ഞു…ഇപ്പോഴും ആശാനും ശിക്ഷ്യനും ഒരക്ഷരം പോലും മിണ്ടുന്നില്ല.
കുടിയാനെന്ന പേര് പറഞ്ഞ് കളിയാക്കപ്പെട്ട കഷ്ട്ടകാലന്‍ ലണ്ടന്‍ ജങ്ക്ഷനില്‍ മുണ്ടും മടക്കിക്കുത്തി വെല്ലുവിളിക്കുകയാണ്. ഇടകടത്തി ആശാന്‍ പറയുന്ന ഇരുപത്തി അയ്യായിരത്തിന്‍റെയും തോട്ടി ശിക്ഷ്യന്റെ ആയിരത്തിന്റെയും അനലിട്ടിക്സ് കണക്കുകള്‍ ചുമ്മാ പ്രസിദ്ധീകരിക്ക് ചേട്ടാ…കുറഞ്ഞ പക്ഷം നിങ്ങളെയൊക്കെ തീറ്റിപ്പോറ്റുന്ന കച്ചവടക്കാര്‍ക്കെങ്കിലും സത്യം മന്സിലാകട്ടെ.മനസില്ല എന്നാണ് ഉത്തരമെങ്കില്‍ ഒന്നോര്‍ക്കുക..ഇത്തവണ സത്യം മാലോകരെ അറിയിക്കാന്‍ തന്നെയാണ് എന്‍റെ തീരുമാനം…ജാഗ്രതൈ …
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല