സ്വന്തം ലേഖകൻ: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികള്‍ അനാവരണം ചെയ്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പുസ്തകം. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്നപേരിലുള്ള പുസ്തകത്തില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികളെയും മാധ്യമങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പുസ്തകം അടുത്ത ദിവസം പുറത്തിറങ്ങും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ തന്റെ ഭാഗം വിശദീകരിക്കുകയാണ് പുസ്തകത്തില്‍ ശിവശങ്കര്‍. ജൂണ്‍ 30ന് എത്തിയ ബാഗേജ് വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന് സ്വപ്‌ന സുരേഷ് ജൂലായ് ഒന്ന്, രണ്ട് തീയതികളില്‍ തന്നെ വിളിച്ച് ആവശ്യപ്പെട്ടു. കാര്‍ സ്റ്റീരിയോകളാണ് ബാഗേജില്‍ ഉള്ളതെന്നും ഇത് ഡ്യൂട്ടി അടയ്ക്കാത്തതിനാലാണ് പിടിച്ചുവെച്ചിരിക്കുന്നതെന്നും വിട്ടുകിട്ടാന്‍ സഹായിക്കണമെന്നുമായിരുന്നു ആവശ്യം.
എന്നാല്‍ കസ്റ്റംസുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളില്‍ താന്‍ ഇടപെടില്ലെന്ന് മറുപടി നല്‍കി. ജൂലായ് നാലാം തീയതി സ്വപ്‌നയും ഭര്‍ത്താവ് ജയശങ്കറും തന്റെ ഫ്‌ളാറ്റില്‍ എത്തി ഇതേ ആവശ്യം വീണ്ടും ഉന്നയിച്ചു. എന്നാല്‍ അപ്പോഴും താന്‍ അതേ നിലപാട് സ്വീകരിച്ചു. ഇതുമാത്രമാണ് കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യമെന്ന് ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു.
തന്റെ ജന്മദിനത്തില്‍ സമ്മാനമായി സ്വപ്‌ന നല്‍കിയ ഒരു ഐഫോണ്‍ ആണ് പിന്നീട് വിവാദത്തിന് ഇടയാക്കിയത്. എന്നാല്‍ തന്നോട് ഇത്തരമൊരു ചതി തന്നോട് സ്വപ്‌ന ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ശിവശങ്കര്‍ പറയുന്നു.
ഒരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും അന്വേഷണ ഏജന്‍സികളും തന്നെ കേസില്‍ പ്രതിചേര്‍ക്കാനുള്ള നിലപാടുകളാണ് സ്വീകരിച്ചത്. തന്നെ 90 മണിക്കൂറോളം ചോദ്യംചെയ്ത അന്വേഷണ ഏജന്‍സികള്‍ക്ക് സ്വര്‍ണക്കടത്തുമായി തന്നെ ബന്ധപ്പെടുത്തുന്ന വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ല. ഈ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസോ താനോ ബന്ധപ്പെട്ടിട്ടില്ല എന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമായെന്നും ശിവശങ്കര്‍ പറയുന്നു.
മുഖ്യമന്ത്രിയെയും തന്നെയും ഈ കേസുമായി ബന്ധപ്പെടുത്താനുള്ള നീക്കങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടായി. ബാഗേജുകള്‍ കസ്റ്റംസ് തുറന്നുനോക്കുമ്പോള്‍ത്തന്നെ ബിജെപി നേതാവ്‌കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെല്ലാം തനിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതുമായി ബന്ധമുണ്ടെന്ന വിധത്തിലുള്ള പ്രസ്താവനകള്‍ നടത്തി. ഇതൊക്കെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അത് അന്വേഷിക്കപ്പെടേണ്ടതാണെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല