സ്വന്തം ലേഖകൻ: ഖത്തറിന്റെ കോവിഡ് അപകട നിർണയ ആപ്ലിക്കേഷനായ ഇഹ്തെറാസിനെകുറിച്ചുള്ള സമഗ്ര ഗൈഡ് പുറത്തിറക്കി. പൊതുജനാരോഗ്യ മന്ത്രാലയമാണു ഗൈഡ് പുറത്തിറക്കിയത്. ഇഹ്തെറാസിലെ ഹെൽത്ത് സ്റ്റേറ്റസ് നിറങ്ങൾ സൂചിപ്പിക്കുന്നവ, ഗോൾഡ് ഫ്രെയിം യോഗ്യത, കോവിഡ് മുക്തരുടെ സ്റ്റേറ്റസ്, കോവിഡ് പരിശോധനാ ഫലം എന്നിവയ്ക്കു പുറമേ ഇഹ്തെറാസ് സംബന്ധിച്ച പൊതു വിവരങ്ങളും അടങ്ങിയതാണു ഗൈഡ്. 2020 മേയ് 22 മുതലാണു രാജ്യത്ത് ഇഹ്തെറാസ് നിർബന്ധമാക്കിയത്.
ഇഹ്തെറാസിലെ ഹെൽത്ത് പ്രൊഫൈൽ സ്റ്റേറ്റസ് നിറം പച്ചയെങ്കിൽ മാത്രമാണു വീടിന് പുറത്തിറങ്ങാൻ അനുമതി. രാജ്യത്തുടനീളം എല്ലായിടങ്ങളിലുമുള്ള പ്രവേശനത്തിന് ഇഹ്തെറാസിലെ പച്ച നിറം കൂടിയേ തീരൂ. പ്രൊഫൈലിനു ചുറ്റും വാക്സിനേഷനെ സൂചിപ്പിക്കുന്ന ഗോൾഡൻ ഫ്രെയിമും പ്രവേശനത്തിന് അനിവാര്യമാണ്. കോവിഡ് വാക്സീൻ രണ്ടാമത്തെ ഡോസെടുത്ത് 9 മാസം കഴിഞ്ഞിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് ഇഹ്തെറാസിലെ ഗോൾഡൻ ഫ്രെയിം നഷ്ടമാകും.
രണ്ടു ഡോസ് വാക്സീനും എടുത്ത് വാക്സിനേഷൻ പൂർത്തിയാക്കിവരുടെ ഹെൽത്ത് പ്രൊഫൈലിനു ചുറ്റുമാണു വാക്സിനേറ്റഡ് എന്ന സ്റ്റേറ്റസ് വ്യക്തമാക്കുന്ന ഗോൾഡൻ ഫ്രെയിം പതിക്കുന്നത്. രണ്ടാമത്തെ ഡോസെടുത്ത് 9 മാസം വരെയാണ് വാക്സിനേഷന്റെ കാലാവധി എന്നതിനാൽ 9 മാസം വരെ ഗോൾഡൻ ഫ്രെയിം ഉണ്ടാകും. രണ്ടാമത്തെ ഡോസെടുത്ത് 6 മാസം കഴിയുമ്പോൾ ആണ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്. 9 മാസത്തിനുള്ളിൽ ബൂസ്റ്റർ എടുത്താൽ മാത്രമേ അടുത്ത 9 മാസത്തേക്കു വീണ്ടും ഗോൾഡൻ ഫ്രെയിം സ്റ്റേറ്റസ് ലഭിക്കൂ.
അല്ലാത്തവരെ ഈ മാസം പ്രാബല്യത്തിലായ പുതിയ വ്യവസ്ഥ അനുസരിച്ച് വാക്സിനെടുക്കാത്തവരുടെ പട്ടികയിലാണ് ഉൾപ്പെടുത്തുന്നത്. കോവിഡ് വന്നു സുഖപ്പെട്ടവരെയും വാക്സിനെടുത്തവരായാണു പരിഗണിക്കുന്നത്. കോവിഡ് സുഖപ്പെട്ട തീയതി മുതൽ 9 മാസത്തേക്ക് ആണ് ഇവരെ പ്രതിരോധശേഷിയുളളവരായി കണക്കാക്കുന്നത്. നിലവിലെ കോവിഡ് നിയന്ത്രണങ്ങളിൽ വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന അതേ ഇളവുകൾ കോവിഡ് സുഖപ്പെട്ടവർക്കും ലഭിക്കും.
എന്നാൽ ഇവരുടെ ഇഹ്തെറാസ് പ്രൊഫൈലിൽ ഗോൾഡൻ ഫ്രെയിം വേണമെന്നില്ല. ഇഹ്തെറാസിൽ വ്യക്തമാക്കിയിരിക്കുന്ന കോവിഡ് വന്നു സുഖപ്പെട്ട തീയതി കാണിച്ചാൽ മതിയാകും. ഗൈഡ് ലിങ്ക്: https://covid19.moph.gov.qa/EN/Documents/PDFs/Ehteraz-Guide-en.pdf
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല