![](https://www.nrimalayalee.com/wp-content/uploads/2022/01/Dileep.jpg)
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അക്രമണത്തിന് ഇരയായ നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും നടി കത്തില്‍ ചൂണ്ടിക്കാട്ടി. കത്തിന്റെ പകര്‍പ്പ് രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കൈമാറി.
അടിയന്തര നടപടി ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. കോടതിയില്‍നിന്നു നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും നടി പരാതിപ്പെട്ടു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണു കുരുതുന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നതായി 2019 ഡിസംബര്‍ 20നാണ് വിചാരണ കോടതിയില്‍ സംസ്ഥാന ഫൊറന്‍സിക് വിഭാഗം സ്ഥിരീകരിച്ചത്.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി. കണ്ണൂര്‍ സ്വദേശിനി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണു പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്തു കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനം നടന്നത് 10 വർഷം മുന്‍പ് ഗാനരചയിതാവിന്റെ വീട്ടില്‍വച്ചാണെന്നു പരാതിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല