1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2022

സ്വന്തം ലേഖകൻ: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനും കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണു വിധി പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി.

ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റു ചെയ്യാമെന്നും കോടതി പറഞ്ഞു. ദിലീപ് പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യവും വേണമെന്ന് ഉപാധി. അന്വേഷണവുമായി സഹകരിക്കണമെന്നു പ്രതികള്‍ക്കു കോടതി കര്‍ശന നിര്‍ദേശം നല്‍കി. വിധി വരുന്നതിനു തൊട്ടുമുമ്പ് ദിലീപിന്റെയും സഹോദരന്റെയും വീടുകള്‍ക്കു മുന്നിലെത്തിയ ക്രൈംബ്രാഞ്ച് സംഘം വിധി ദിലീപിന് അനുകൂലമായതോടെ മടങ്ങി. ദിലീപിനെക്കൂടാതെ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി.ഗോപിനാഥ് പരിഗണിച്ചത്.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാൻ നിർദേശം നൽകി. കൂടാതെ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും പ്രോസിക്യൂഷനു നിർദേശം നൽകി.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍ പിള്ള. ഇതിനുള്ള അപേക്ഷ തയാറാക്കിവച്ചിട്ടുണ്ട്. നേരത്തെ തന്നെ കോടതിയിൽ നൽകാനിരുന്നതാണ്. എന്നാൽ ജാമ്യാപേക്ഷയിൽ വിധി പറയാനിരുന്നതിനാലാണ് വൈകിയത്. ഇന്നോ, അടുത്ത ദിവസമോ തന്നെ കോടതിയിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള പ്രതി ദിലീപിന്റെ ഹർജിയിൽ സർക്കാരിന്റെ നിലപാടു തേടി ഹൈക്കോടതി. കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം തുടരന്വേഷണവുമായി മുന്നോട്ടു വന്നതെന്നും വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

തുടരന്വേഷണത്തിന് ഒരു മാസം അനുവദിച്ച വിചാരണക്കോടതി നടപടിയെ ദിലീപ് ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അന്വേഷണ സംഘം തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ ദുഃഖമോ സന്തോഷമോ ഇല്ലെന്ന് ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. “സന്തോഷിക്കേണ്ടത് ദിലീപല്ലേ. എനിക്ക് പ്രത്യേകിച്ച് ദുഃഖമോ സന്തോഷമോ ഇല്ല. ശക്തനായ പ്രതി പുറത്ത് നില്‍ക്കുമ്പോള്‍ സ്വാഭാവികമായും അന്വേഷണത്തെ ബാധിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനത്തിനനുസരിച്ചായിരിക്കും സാക്ഷി എന്ന നിലക്ക് എന്റെ നടപടികള്‍,“ ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.