സ്വന്തം ലേഖകൻ: ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കാമില രാജ്ഞിയെന്ന് അറിയപ്പെടണമെന്ന് എലിസബത്ത് രാജ്ഞി. ബ്രിട്ടീഷ് സിംഹാസനത്തിൽ 70 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് എലിസബത്ത് രാജ്ഞി. ഈ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പ്രസ്താവനയിലാണ് കാമിലയെ രാജ്ഞിയാക്കണമെന്ന തന്റെ ആഗ്രഹം എലിസബത്ത് രാജ്ഞി പറഞ്ഞത്.
‘ചാൾസ് രാജാവാകുമ്പോൾ കാമില രാജ്ഞിയാകണെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു’ എന്നാണ് എലിസബത്ത് രാജ്ഞി പറഞ്ഞത്. ചാൾസ് രാജവാകുമ്പോൾ രാജകുമാരി(പ്രിൻസസ് കൊൻസൊറ്റ്) എന്നാകും കാമില അറിയപ്പെടുക എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ ഇക്കാര്യത്തിലാണ് എലിസബത്ത് രാജ്ഞി വ്യക്തത വരുത്തിയിരിക്കുന്നത്.
ജനങ്ങൾ രാജ്ഞിയെന്ന പദവിയിൽ തനിക്ക് നൽകിയ പിന്തുണ അതേപോലെ തന്നെ കാമിലയ്ക്കും നൽകണമെന്ന് എലിസബത്ത് രാജ്ഞി കൂട്ടിച്ചേർത്തു. ചാൾസിന്റെ ആദ്യ ഭാര്യ ഡയാനയുടെ മരണത്തിന് എട്ട് വർഷത്തിന് ശേഷം 2005ലാണ് കാമിലയെ വിവാഹം കഴിക്കുന്നത്. ഡച്ച് ഓഫ് കോൺവാൾ എന്നാണ് നിലവിൽ കാമില അറിയപ്പെടുന്നത്.
1952 ഫെബ്രുവരി ആറിനാണ് എലിസബത്ത്, രാജ്ഞി പദവിയിലെത്തുന്നത്. ഇപ്പോൾ 95 വയസ്സുണ്ട്. 63 വർഷം രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റിക്കോർഡ് ഏഴ് വർഷം മുൻപ് എലിസബത്ത് മറികടന്നു. രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ കഴിഞ്ഞ വർഷം 99-ാം വയസ്സിലാണ് അന്തരിച്ചത്. നാല് മക്കളാണ് ഇരുവർക്കുമുള്ളത്. ബ്രിട്ടീഷ് രാജ പദവിലിയെത്തിയ നാൽപ്പതാമത്തെ വ്യക്തിയാണ് എലിസബത്ത് രാജ്ഞി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല