![](https://www.nrimalayalee.com/wp-content/uploads/2022/02/Kuwait-International-Airport-Departure-Gate.jpeg)
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഗേറ്റുകൾ പുറപ്പെടുന്നതിനു 20 മിനിറ്റു മുമ്പ് അടക്കുമെന്ന് ഡി.ജി.സി.എ. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ചെക് ഇൻ കൗണ്ടറുകൾ അടക്കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ട്വിറ്റർ ഹാൻഡിൽ വഴി നടത്തുന്ന ചോദ്യോത്തര പരിപാടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ബാഗേജ് ചെക് ഇൻ പൂർത്തിയാക്കണം. പുറപ്പെടാനുള്ള സമയത്തിന്റെ ഒരു മണിക്കൂർ മുമ്പ് കൗണ്ടർ ക്ലോസ് ചെയ്യും. ഡിപ്പാർച്ചർ ഗേറ്റ് വിമാനം പുറപ്പെടുന്നതിനു 20 മിനിറ്റ് മുമ്പാണ് അടക്കുക. നേരത്തേ ബാഗേജ് ചെക് ഇൻ ചെയ്ത ആളാണെങ്കിലും പുറപ്പെടൽ സമയത്തിനു 20 മിനിറ്റ് മുമ്പ് ഗേറ്റിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല.
ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നും ഡി.ജി.സി.എ വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് എടുത്തിട്ടില്ലാത്ത സ്വദേശികൾക്ക് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒമ്പതു മാസം പൂർത്തിയാകുന്നതുവരെ വിദേശയാത്ര അനുവദിക്കുമെന്നും ഒമ്പതു മാസം പൂർത്തിയായാൽ യാത്രാനുമതിക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാണെന്നും ചോദ്യത്തിന് ഉത്തരമായി അധികൃതർ വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല