![](https://www.nrimalayalee.com/wp-content/uploads/2022/02/Babu-Malapuzha-Rescue-.jpg)
സ്വന്തം ലേഖകൻ: പാലക്കാട് മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലമുകളിൽ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയപ്പോൾ തെളിഞ്ഞത് ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത്. മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ സംസ്ഥാനത്തെ സേനകളും ദേശീയ ദുരന്ത നിവാരണ സേനയും പരാജയപ്പെട്ടപ്പോൾ 40 മിനിറ്റിൽ സൈന്യം ദൗത്യം പൂർത്തിയാക്കി. ചെങ്കുത്തായ മലയിൽ റോപ്പിലൂടെ ഇറങ്ങിയ സൈനികൻ ബാബുവിനു വെള്ളം നൽകിയശേഷം സുരക്ഷാ ജാക്കറ്റിട്ട് ബാബുവിനെ ചേർത്തു പിടിച്ച് മുകളിലേക്ക് എത്തിക്കുകയായിരുന്നു. രക്ഷാദൗത്യം പൂർത്തിയായതോടെ ഇന്ത്യന്‍ സൈന്യത്തിന് ജയ് വിളികൾ മുഴങ്ങി.
ബാബു മൂന്നു സുഹൃത്തുക്കൾക്കൊപ്പമാണ് തിങ്കളാഴ്ച ഉച്ചയ്ക്കു മലകയറിയത്. ക്ഷീണം തോന്നിയ സുഹൃത്തുക്കൾ ഇടയ്ക്കു വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിലേക്കു കയറി. തിരിച്ച് സുഹൃത്തുക്കളുടെ അടുത്തേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതി ചെങ്കുത്തായ മലഞ്ചരിവിലൂടെ വീണ് പാറയിടുക്കിൽ കുടുങ്ങി കാലിനു പരുക്കും പറ്റി. സുഹൃത്തുക്കൾക്കു രക്ഷിക്കാൻ കഴിയാതായതോടെ അവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും അഗ്നിശമനസേനയും വനംവകുപ്പും സ്ഥലത്തെത്തി രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനം സാധ്യമാകാതെ വന്നതോടെയാണ് ഇന്നലെ വൈകിട്ട് 4 മണിയോടെ മുഖ്യമന്ത്രിയുടെ ഓഫിസ് കരസേനയുടെ സഹായം തേടിയത്.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ സേനയുടെ ദക്ഷിൺ ഭാരത് ഏരിയ ലഫ്.ജനറൽ അരുൺ, പ്രത്യേക സൈനികസംഘം ബെംഗളൂരുവിൽനിന്ന് ഉടനെ പുറപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. പർവതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യമുള്ള സംഘം രാത്രി ഹെലികോപ്റ്റർ യാത്ര അസാധ്യമായതിനാൽ റോഡ് മാർഗം പുറപ്പെടാനാണ് ആദ്യം തീരുമാനിച്ചത്. കരസേനയുടെ മറ്റൊരു യൂണിറ്റും ഊട്ടി വെല്ലിങ്ടനിൽനിന്ന് രാത്രി 7.30ന് പുറപ്പെട്ടു. ഇതിനിടെ രക്ഷൗദൗത്യത്തിൽ വ്യോമസേനയും പങ്കാളിയായി. ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട പാരാ കമാൻഡോകളെ വ്യോമ മാർഗം സുലൂരിൽ എത്തിച്ച് അവിടെനിന്ന് റോഡ് മാർഗം മലമ്പുഴയിലെത്തിക്കാൻ തീരുമാനിച്ചു. ബെംഗളൂരുവിലെ പാരാ റജിമെന്റൽ സെന്ററിൽനിന്നുള്ള കമാൻഡോകളെ വ്യോമസേന എഎൻ 32 വിമാനത്തിൽ 45 മിനിറ്റ് കൊണ്ട് സൂലൂരിലെത്തിച്ചു. രക്ഷാപ്രവർത്തകർക്ക് സുഗമമായി എത്താൻ വാളയാർ മുതൽ മലമ്പുഴ വരെയുള്ള റോഡിൽ പൊലീസ് ക്രമീകരണങ്ങൾ ഒരുക്കി.
കേണൽ ശേഖർ അത്രിയായിരുന്നു ടീം ലീഡർ. മലയാളിയായ ലഫ്. കേണൽ ഹേമന്ദ് രാജും സംഘത്തിലുണ്ടായിരുന്നു. ചെങ്കുത്തായ മലയിലാണ് രക്ഷാപ്രവർത്തനം എന്നതുകൊണ്ട് എവറസ്റ്റ് കൊടുമുടി കയറി പരിചയമുള്ള. മദ്രാസ് റെജിമെന്റിൽനിന്നുള്ള രണ്ടു സൈനികരെയും ഉൾപ്പെടുത്തിയിരുന്നു. രാത്രിയോടെ സ്ഥലത്തെത്തിയ സംഘം മുന്നൊരുക്കങ്ങൾ നടത്തി. കലക്ടറുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തി. 11.30 ന് സംഘം മലമുകളിലേക്കു കയറിത്തുടങ്ങി. നാലു മണിക്കൂറോളമെടുത്തു മുകളിലെത്താൻ. താഴെ ഡോക്ടർമാർ അടങ്ങുന്ന വൈദ്യസംഘവും സജ്ജമായിരുന്നു.
ഇന്നു രാവിലെ, മലകയറ്റത്തിൽ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോ സംഘത്തിലെ അംഗം റോപ്പിലൂടെ താഴേക്ക് ഇറങ്ങി ബാബുവിന്റെ അടുത്തെത്തി. ഒൻപതരയോടെയാണ് ദൗത്യമാരംഭിച്ചത്. ബാബുവിനു ലഘു ഭക്ഷണവും വെള്ളവും നൽകിയശേഷം സുരക്ഷാ ജാക്കറ്റ് ധരിപ്പിച്ചു മുകളിലേക്കു കയറ്റി. 40 മിനിറ്റ് കൊണ്ട് രക്ഷാദൗത്യം സൈന്യം പൂർത്തിയാക്കി. 10. 20 ന് മുകളിലെത്തിച്ച ബാബുവിനു പ്രാഥമിക ചികിൽസ നൽകി ആശുപത്രിയിലേക്കു മാറ്റുന്നതോടെ സമാനതകളില്ലാത്ത രക്ഷാ ദൗത്യത്തിന് വിജയകരമായ പരിസമാപ്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല