1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2011

വീസചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിയെ കസ്റഡിയിലെടുക്കുകയും 509 ദിവസം തടവില്‍ പാര്‍പ്പിക്കുകയും ചെയ്ത ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്ന് അവിടത്തെ മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ചു. അനധികൃതമായി കസ്റഡിയിലെടുക്കുകയും തടവിലിടുകയും ചെയ്തതിനുള്ള നഷ്ടപരിഹാരമായി 5,97,000 ഓസ്ട്രേലിയന്‍ഡോളര്‍ നല്‍കണമെന്നും മനുഷ്യാവകാശകമ്മീഷണര്‍ കാതറീന്‍ ബ്രാന്‍സണ്‍ വിധിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ഥിയായ പ്രശാന്ത് ചെര്‍ക്കുപള്ളിക്ക് (31) അനുകൂലമായാണ് ഈ സുപ്രധാന വിധിയുണ്ടായിരിക്കുന്നത്. എന്‍ജിനീയറിങ് ബിരുദാനന്തരപഠനത്തിനിടെ പശ്ചിമ സിഡ്‌നിയിലെ ബേക്കറിയില്‍ ജോലി നോക്കവേയാണ് ഓസ്‌ട്രേലിയന്‍ കുടിയേറ്റകാര്യ, പൗരത്വ വകുപ്പധിക്യതര്‍ 2004-ല്‍ പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. വിസയില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.

തുടര്‍ന്ന് പ്രശാന്തിനെ അനധികൃതകുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന സിഡ്‌നിയിലെ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു. ഒന്നരവര്‍ഷത്തിനുശേഷം 2006-ലാണ് മോചിപ്പിച്ചത്. അതിനുശേഷം പ്രത്യേകാനുകൂല്യ വിസ സമ്പാദിച്ച് ഓസ്‌ട്രേലിയയില്‍ത്തന്നെ തുടര്‍ന്ന പ്രശാന്ത്, ഓസ്‌ട്രേലിയന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ പ്രശാന്തിനെ അന്യായമായാണ് തടഞ്ഞുവച്ചതെന്നും അധികൃതര്‍ കുടിയേറ്റ നിയമം ലംഘിച്ചെന്നും കണ്ടെത്തുകയായിരുന്നു. അധികൃതരോട് ക്ഷമാപണം നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തടങ്കലില്‍ കിടന്ന 509 ദിവസങ്ങളിലേക്കായി 597, 000 ഓസ്‌ട്രേലിയന്‍ ഡോളറാണ് നഷ്ടപരിഹാരമായി മനുഷ്യാവകാശ കമ്മീഷണര്‍ കാതറീന്‍ ബ്രാന്‍സന്‍ വിധിച്ചിട്ടുള്ളത്. പൊതുനഷ്ടങ്ങളെല്ലാം ചേര്‍ത്ത് 6,00,000 ഡോളര്‍ പ്രശാന്തിനു ലഭിക്കും. ”ജോലിയും സ്ഥിരതാമസവും ലക്ഷ്യമിട്ടാണ് താന്‍ ഓസ്‌ട്രേലിയയിലെത്തിയത്. എന്നാല്‍ സാഹചര്യങ്ങള്‍ ജയിലിലെത്തിച്ചു . പക്ഷേ അവിടം കൊണ്ട് അവസാനിച്ചില്ല”- പ്രശാന്ത് പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.