![](https://www.nrimalayalee.com/wp-content/uploads/2020/05/Elon-Musk-Tweet-Tesla.jpg)
സ്വന്തം ലേഖകൻ: വംശനാശം ഒഴിവാക്കാനാവാത്തതാണെന്ന മുന്നറിയിപ്പ് നല്കി ഇലോണ്‍ മസ്ക്. മസ്കിന്റെ ഭാഷയില്‍ 100 ശതമാനം ഉറപ്പായ ഈ അവസാനത്തെ മറികടക്കാന്‍ മറ്റു ഗ്രഹങ്ങളിലേക്കുള്ള കുടിയേറ്റം മാത്രമാണ് ഒരേയൊരു പരിഹാരമായി അദ്ദേഹം നിര്‍ദേശിക്കുന്നത്. എന്നാല്‍ അതിവിദൂര ഭാവിയില്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ഒന്ന് ചൂണ്ടിക്കാണിച്ചാണ് മസ്കിന്റെ ഈ ഭീഷണിപ്പെടുത്തലെന്നാണ് വിമര്‍ശനം.
സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്ക് നേരത്തേ തന്നെ ചൊവ്വയിലെ മനുഷ്യന്റെ കുടിയേറ്റം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നയാളാണ്. 2026 ആകുമ്പോഴേക്കും ആദ്യമായി മനുഷ്യനെ ചൊവ്വയിലെത്തിക്കാനാണ് സ്പേസ്എക്സിന്റെ പദ്ധതി. നേരത്തേ 2024 ആയിരുന്നു സ്പേസ് എക്സിന്റെയും മസ്കിന്റെയും ലക്ഷ്യം.
വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന സ്പേസ്എക്സ് സ്റ്റാര്‍ഷിപ്പായിരിക്കും മനുഷ്യരെയും വഹിച്ചുകൊണ്ട് ചൊവ്വയിലേക്ക് പോവുക. 2018 ലാണ് സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ നിര്‍മാണം ആരംഭിച്ചത്. ഏതാണ്ട് 100-150 ടണ്‍ ഭാരം ചൊവ്വയിലേക്ക് കൊണ്ടുപോകാന്‍ ശേഷിയുണ്ടാവും സ്റ്റാര്ഷിപ്പിനെന്നാണ് കരുതപ്പെടുന്നത്.
മറ്റു ഗ്രഹങ്ങളിലേക്ക് നമ്മള് എത്തിയില്ലെങ്കില്‍ സൂര്യന്റെ വികാസത്തെ തുടര്‍ന്ന് ഭൂമിയിലെ മനുഷ്യരടക്കമുള്ള സര്‍വ ചരാചരങ്ങള്‍ക്കും വംശനാശം സംഭവിക്കുമെന്ന് 100ശതമാനം ഉറപ്പാണ് എന്നായിരുന്നു ഇലോണ്‍ മസ്കിന്റെ ട്വീറ്റ്. ഭൂമിയില്‍ നേരത്തേ അഞ്ച് തവണ കൂട്ട വംശനാശം സംഭവിച്ചിട്ടുണ്ട്. ആറാം കൂട്ടവംശനാശം ആരംഭിച്ചു കഴിഞ്ഞുവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തവണത്തെ കൂട്ടവംശനാശത്തിന് കാരണമായത് മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടലുകളാണെന്നതാണ് മുന്‍ കൂട്ടവംനാശങ്ങളില് നിന്നും ഇത്തവണത്തേതിന്റെ പ്രധാന വ്യത്യാസം. കൂട്ട വംശനാശത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്ന ട്വീറ്റിനെ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഇലോണ്‍ മസ്കിന്റെ ട്വീറ്റ്.
എന്തായാലും മസ്കിന്റെ ട്വീറ്റിനെ വിമര്‍ശന ബുദ്ധിയോടെയാണ് വലിയൊരു വിഭാഗം സമൂഹ മാധ്യമങ്ങളില്‍ കണ്ടത്. കുറഞ്ഞത് 100 കോടി വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാന്‍ സാധ്യതയുള്ള പ്രതിഭാസത്തെക്കുറിച്ചാണ് മസ്കിന്റെ പേടിപ്പിക്കലെന്നതാണ് ഇതില്‍ പ്രധാനം. നേരത്തേയും മസ്കിന്റെ ട്വീറ്റുകള്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ടെസ്ലയുടെ ഓഹരി വില വളരെ കൂടുതലാണെന്ന മസ്കിന്റെ ഒരൊറ്റ ട്വീറ്റിലൂടെ മാത്രം ടെസ്ലക്ക് നഷ്ടമായത് 1400 കോടി ഡോളറായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല