![](https://www.nrimalayalee.com/wp-content/uploads/2021/07/Covid-Deaths-Compensation-Package-Expats.jpg)
സ്വന്തം ലേഖകൻ: കോവിഡില്‍ മരണമടഞ്ഞവര്‍ക്കുള്ള ധനസഹായം, പ്രവാസി കുടുംബങ്ങള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അനുകൂല നിലപാടെടുത്ത് കേരള സര്‍ക്കാര്‍. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം കേരള ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളതെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായ് കാത്തിരിക്കുകയാണ് എന്നും ഹൈക്കോടതിയില്‍ കേരള സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് ബോധിപ്പിച്ചു. ധനസഹായത്തിന് 75 ശതമാനം ഫണ്ടും കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. അതതു സംസ്ഥാങ്ങള് ബാക്കി 25 ശതമാനവും. കേരള സര്‍ക്കാരിന്റെ നിലപാട് രേഖാമൂലം കോടതിയില്‍ നല്കുവാന് ഹൈക്കോടതി നിര്‍ദേശം നല്കി.
കേന്ദ്ര സര്‍ക്കാരിനെയും ദേശീയ ദുരന്ത നിവാരണ സമിതിയുടെയും നിലപാടുകളുടെ അടിസ്ഥാനത്തില്‍ വിധി പറയുന്നതിനായി ഹര്‍ജി ഫെബ്രുവരി മാസം 24 ന് വീണ്ടും പരിഗണിക്കും. കോവിഡില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് അതതുസംസ്ഥാനങ്ങളാണ് അമ്പതിനായിരം രൂപ വീതം കുടുംബാംഗങ്ങ ള്‍ക്ക് ‘ വിതരണം ചെയ്യേണ്ടത്.
കോവിഡിനെ തുടര്‍ന്ന് വിദേശത്തു മരണമടഞ്ഞ കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണ മെന്നാവശ്യപ്പെട്ടുകൊണ്ടു പ്രവാസി ലീഗല്‍ സെല്‍ മുന്‍പ് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയിരുന്നു.
വിഷയത്തില്‍ കേരള ഹൈക്കോടതി ഇടപെടല്‍ വഴി പ്രവാസികള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ ജോസ് അബ്രഹാം, ഗ്ലോബല്‍ വക്താവ് ബാബു ഫ്രാന്‍സീസ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല