സ്വന്തം ലേഖകൻ: ഇന്ത്യയുടെ ഡിസ്കോ കിങ് എന്ന് വിശേഷിപ്പിക്കപ്പെട്ട ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവതയെ ത്രസിപ്പിച്ച മാന്ത്രികസംഗീതത്തിന്‍റെ ഉന്മാദത്തിടമ്പേറ്റിയ സംഗീതകാരന്‍. കാലാതിവര്‍ത്തിയായ ബപ്പിദായുടെ താളവിസ്മയങ്ങള്‍ക്ക് ചുവടുവയ്ക്കാത്തവരില്ല. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. 69 വയസായിരുന്നു.
രാഷ്ട്രപതി റാംനാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖര്‍ അനുശോചിച്ചു. എഴുപതുകളില്‍ അമേരിക്കയില്‍ ലഹരിയായ് പടര്‍ന്നുകയറിയ ഡിസ്കോ നിശാസംഗീതത്തിന്‍റെ ഉൗര്‍ജതാണ്ഡവം ഇന്ത്യന്‍ യുവതയുടെ സിരകളില്‍ പകര്‍ന്ന ഈ ഒരൊറ്റഗാനം മതി ബപ്പിദായെ എക്കാലവും അടയാളപ്പെടുത്താന്‍. വംഗദേശത്തിനിന്നും എത്തിയ മിഥുന്‍ ചക്രബര്‍ത്തിയും അലോകേഷ് ലഹിരിയും ബോളിവുഡിന് സമ്മാനിച്ചത് പുതുഭാവകത്വം. ആര്‍.ഡി ബര്‍മന്‍ വെട്ടിയൊരുക്കിയ വഴിയിലൂടെ അതിവേഗ സംഗീതത്തിന്‍റെ അശ്വമേധമാണ് ബപ്പി ലഹിരി നടത്തിയത്.
1952 നവംബര്‍ 27ന് ബംഗാളിലെ ജല്‍പായ്ഗുരിയില്‍ സംഗീത കുടുംബത്തില്‍ ജനനം. അച്ഛന്‍ അപരേഷ് ലഹിരിയുടെയും അമ്മ ബന്‍സുരിയുടെയും നാദധാര നിറഞ്ഞ വീട്ടകത്ത് കുട്ടിക്കാലം. അമ്മാവന്‍റെ സ്ഥാനത്ത് സാക്ഷാല്‍ കിഷോര്‍ കുമാര്‍. ശങ്കര്‍ ജയ്കിഷന് വേണ്ടി അച്ഛന്‍ അപരേഷ് ഒരു സിനിമയില്‍ പാടിയിട്ടുണ്ട്. മൂന്നാംവയസില്‍ തബല വായിച്ച് ഭാവിയിലെ വിസ്മയത്തിന്‍റെ വരവറിയിച്ചു. എല്‍വിസ് പ്രസ്‍ലിയെ ആരാധിച്ച് സിനിമ മോഹങ്ങളുമായി 19ാം വയസില്‍ മുംബൈയിലെത്തി.
1972ല്‍ ദാദൂ എന്ന ബംഗാളി ചിത്രത്തിലൂടെ അരങ്ങേറ്റം. 1975ല്‍ ഇറങ്ങിയ സാക്മീയിലൂടെ ബോളിവുഡ് ബപ്പിയുടെ സംഗീതത്തെ വേറിട്ടുകേട്ടു. വാര്‍ദത്ത്, പ്യാരാ ദുഷ്മന്‍, ശറാബി, ഡാന്‍സ് ഡാന്‍സ് തുടങ്ങി കേള്‍വിക്കാരെ ഇളക്കിമറിച്ച ഹിറ്റുകളുടെ പരമ്പര. ഇന്ത്യന്‍ ഡിസ്കോ ബീറ്റുകളുടെ മുടിചൂടാമന്നനായി ബപ്പിദാ. പത്തിലധികം ഭാഷകളില്‍ അഞ്ഞൂറിലധികം ചിത്രങ്ങളിലായി അയ്യായിരത്തിലേറെ പാട്ടുകള്‍. ദ് ഗുഡ് ബോയ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും കേട്ടു. ലതാ മങ്കേഷര്‍ ബപ്പിക്ക് തുടക്കത്തില്‍ ശക്തമായ പിന്തുണ നല്‍കി.
ഉഷാ ഉതുപ്പും അലീഷ ചിനായിയും ബപ്പിയുടെ ഫാസ്റ്റ് നമ്പറുകളിലൂടെ ലഹരിയായി. ദക്ഷിണേന്ത്യയില്‍ എസ് ജാനകിക്കായിരുന്നു നിയോഗം. കിഷോര്‍ കുമാര്‍ അനശ്വരമാക്കിയ ചല്‍ത്തെ ചല്‍ത്തെയിലെ കഭി അല്‍വിദ നാ കെഹനാ പകര്‍ന്നത് വിഷാദ മെലഡിയുടെ മധുരം. ചെറിയ ഇടവേളയ്ക്ക് ശേഷം ദ് ഡേര്‍ട്ടി പിക്ച്ചറിലൂടെ ഡിസ്കോയുടെ ഗൃഹാതുരത സമ്മാനിച്ചു.
ബാഗി 3 ആണ് അവസാനചിത്രം. 2014ല്‍ ബിജെപി ടിക്കറ്റില്‍ ലോക്സഭയിലേയ്ക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് വേറിട്ട് നടക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ബപ്പിദാ സംഗീതസങ്കല്‍പ്പങ്ങള്‍ തിരുത്തിയെഴുതിയ പാട്ടുകളുടെ സുവര്‍ണകാലം തീർത്തതിനു ശേഷമാണ് അരങ്ങൊഴിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല