1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2011

ബ്രിട്ടണ്‍ വഞ്ചനയുടെയും വഞ്ചിക്കുന്നവരുടെയും രാജ്യമായി മാറുകയാണോ? ന്യായമായ ഈ സംശയം ഉന്നയിച്ചിരിക്കുന്നത് ചില മാദ്ധ്യമങ്ങളും സാമ്പത്തിക വിദഗ്ദരുമാണ്. കാര്യം വേറൊന്നുമല്ല. എവിടെപ്പോയാലും കൈയ്യില്‍നിന്ന് ഇറങ്ങുന്ന പൗണ്ടിന് കൈയ്യും കണക്കുമില്ല. ബസില്‍ കയറാനും പബ്ബുകളില്‍ പോകാനും പാര്‍ക്കില്‍ പോയി കാറ്റുകൊള്ളാനുമെല്ലാം പണം കൊടുക്കേണ്ടിവരുകയെന്നത് അത്ര നല്ല കാര്യമൊന്നുമല്ലതന്നെ. എന്തായാലും കാര്യങ്ങള്‍ കൈവിട്ടുപോകുന്ന തരത്തില്‍ രൂക്ഷമായിരിക്കുകയാണ് എന്നാണ് അറിയുന്നത്. ബ്രിട്ടണ്‍ അവിടത്തെ പൗരന്മാരെ വഞ്ചിക്കുന്നത് എങ്ങനെയൊക്കെയാണ് എന്നറിയാന്‍ താല്‍പര്യമുള്ളവര്‍ ഇത് നോക്കുക.

ടിക്കറ്റ് ബുക്കിംങ്ങ് ഫീസ്

കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമായ ജോണി ഇംഗ്ലീഷ് റീബോണ്‍ എന്ന ചിത്രം കാണാന്‍ ശ്രമിച്ചപ്പോഴാണ് സിനിമകളുടെ ടിക്കറ്റ് ബുക്കിംങ്ങ് ഫീസിനെക്കുറിച്ച് ബോധവാനായതെന്ന് ഒരു ബ്രിട്ടീഷ് പിതാവ് പറയുന്നു. ചിത്രം കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ചെന്നപ്പോള്‍ കുട്ടികള്‍ക്കുള്ള ഒരു ടിക്കറ്റിന് ഇരുപത്തിമൂന്ന് പൗണ്ടാണ് ഈടാക്കുന്നത്. ഇതുകൂടാതെ ഒരു ടിക്കറ്റിന് സിസ്റ്റംസ് ആന്‍ഡ് സര്‍വ്വീസ് ചാര്‍ജ് എന്ന പേരില്‍ എഴുപത്തിയഞ്ച് പെന്‍സ് ഈടാക്കുന്നുണ്ട്. ഇത് വന്‍ കൊള്ളയാണ് എന്നാണ് ആ പിതാവ് പറയുന്നത്. ഓരോ ടിക്കറ്റിനും ഇത്രയും പൈസ വാങ്ങുന്നു. എന്നാല്‍ ടിക്കറ്റിന്റെ യഥാര്‍ത്ഥ മൂല്യം വളരെ കുറവാണുതാനും. ഓരോ ടിക്കറ്റിനും എഴുപത്തിയഞ്ച് പെന്‍സ് വീതം ഈടാക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. ഇത് ജനങ്ങളെ കൂട്ടത്തോടെ കൊള്ളയടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറയുന്നു.

സിനിമയും ഭക്ഷണവും

സിനിമ കാണാന്‍ പോകുമ്പോള്‍ എന്തെങ്കിലും ഭക്ഷണം കഴിക്കാത്തവര്‍ വളരെ ചുരുക്കമാണ്. പോപ്പ് കോണോ മിച്ചറോ കപ്പലണ്ടിയോ അങ്ങനെ എന്തെങ്കിലും കഴിക്കാതെ ആരും തീയറ്ററില്‍നിന്നും പോരാറില്ല. ഇതാ ബ്രിട്ടണിലെ തീയറ്ററുകളില്‍ പോപ്പ് കോണ്‍ വില്‍ക്കുന്ന ഒരാളുടെ കഥ കേള്‍ക്കൂ. ബ്രിട്ടണിലെ തീയറ്ററുകളില്‍ പോപ്പ് കോണ്‍ വില്‍ക്കുന്ന കമ്പനിയായ ഓഡെന്റെ ഉടമ ഗെ ഹാന്‍ഡ്സ് പറയുന്നത് പോപ്പ് കോണ്‍ ബിസ്നസ് നല്ല ഒന്നാന്തരം ബിസ്നസ് ആണെന്നാണ്. ഒരു ചെറിയ കപ്പ് പോപ്പ് കോണിന്റെ വില രണ്ടര പൗണ്ടാണ്. നേരത്തെ ഇത് രണ്ട് പൗണ്ടായിരുന്നു. പിന്നീട് വിലകൂട്ടുകയായിരുന്നു. ഇതില്‍നിന്ന് കമ്പനിക്ക് കിട്ടുന്ന ലാഭം കോടികളാണ്. ഒരു പോപ്പ് കോണില്‍നിന്നുതന്നെ നല്ല ലാഭം കമ്പനിക്ക് ലഭിക്കുന്നുണ്ടെന്നാണ് ഗെ ഹാന്‍ഡ്സ് പറയുന്നത്.

കുപ്പിവെള്ളം

മറ്റൊരു തട്ടിപ്പ് കുപ്പിവെള്ളത്തിന്റെ രൂപത്തിലാണ് വരുന്നത്. സിനിമ കാണാന്‍ പോകുന്നവര്‍ വാങ്ങുന്ന മറ്റൊരു സാധനമാണ് കുപ്പിവെള്ളം. ഒരു കുപ്പി പ്രീമിയം വെള്ളത്തിന് രണ്ട് പൗണ്ടാണ് ഈടാക്കുന്നത്. ഇതില്‍നിന്ന് സിനിമ കാണാന്‍ പോകുന്നയാളിന് പ്രത്യേകം ലാഭമൊന്നുമുണ്ടാകില്ലെന്നും കുപ്പിവെള്ള കമ്പനിക്ക് നല്ല ലാഭമുണ്ടാകുമെന്നും വളരെ വ്യക്തമാണല്ലോ?

വെന്‍ഡിംങ്ങ് മെഷീന്‍

മറ്റൊരു തട്ടിപ്പിന് വെന്‍ഡിംങ്ങ് മെഷീന്റെ രൂപത്തിലാണ് വരുന്നത്. അതായത് നിങ്ങള്‍ക്ക് അമ്പത് പെന്‍സിനും എഴുപത്തിയഞ്ച് പെന്‍സിനും കിട്ടുന്ന സാധനങ്ങള്‍ വെന്‍ഡിംങ്ങ് മെഷീന്‍ വഴി വരുമ്പോള്‍ ഒരു പൗണ്ടിനാണ് ലഭിക്കുക. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന വെന്‍ഡിംങ്ങ് മെഷീനുകള്‍ ബ്രിട്ടണിലെ ജനങ്ങളുടെ കൈയ്യില്‍നിന്ന് ഒരു വര്‍ഷം തട്ടിയെടുക്കുന്ന തുക കോടികള്‍ വരുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.

മോട്ടോര്‍വേ സര്‍വ്വീസ് സ്റ്റേഷന്‍

നിങ്ങള്‍ ഒരു ദൂരയാത്രയ്ക്ക് പോകുമ്പോള്‍ സാധാരണ ഭക്ഷണം കഴിക്കാന്‍ കയറുന്നത് മോട്ടോര്‍വേ സര്‍വ്വീസ് സ്റ്റേഷനില്‍ ആയിരിക്കും. അതുതന്നെയാണ് കുഴപ്പം. മോട്ടോര്‍വേ സര്‍വ്വീസ് സ്റ്റേഷനില്‍ സാധാരണഗതിയില്‍ ഉണ്ടായിരിക്കുക വലിയ കടകളായിരിക്കും. ബര്‍ഗര്‍ കിംങ്ങ്, മക്ഡൊനാള്‍ഡ് എന്നിങ്ങനെയുള്ള കൂറ്റന്‍ കടകള്‍ നിങ്ങളുടെ പേഴ്സില്‍നിന്ന് പൗണ്ടുകള്‍ ചുരണ്ടിയെടുക്കും.

പെട്രോള്‍, ഡീസല്‍

യൂറോപ്പില്‍ പെട്രോളിന് ഏറ്റവും കൂടുതല്‍ പണമിടാക്കുന്ന രാജ്യം ബ്രിട്ടനാണ്. ഡീസലിന് നോര്‍വേ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം ഈടാക്കുന്നതും ബ്രിട്ടനാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികളാണ് പ്രശ്നമുണ്ടാക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 62 പെന്‍സാണ് ബ്രിട്ടണിലെ വില. ഇത് അമേരിക്കയിലെ വിലവെച്ച് നോക്കുമ്പോള്‍ ഇരട്ടിയോളം വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഗ്യാസ്, വൈദ്യൂതി

ഗ്യാസും വൈദ്യൂതിയുമാണ് ബ്രിട്ടീഷുകാരെ പറ്റിക്കുന്ന മറ്റ് രണ്ട് സംഗതികള്‍. വരാന്‍ പോകുന്ന മഞ്ഞുകാലം കടുത്തതായിരിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. താപനില മൈനസ് ഇരുപത് ഡിഗ്രിവരെ ആകാന്‍ സാധ്യതയുണ്ടത്രേ! അങ്ങനെയാണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനിടയിലാണ് ബ്രിട്ടണിലെ ഏറ്റവും വലിയ ഗ്യാസ് കമ്പനിയായ ബിഗ് സിക്സ് നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യം കൂടുന്നതിന് അനുസരിച്ച് നിരക്ക് വര്‍ദ്ധിപ്പിക്കുക എന്ന തന്ത്രംതന്നെയാണ് ഇവിടെ കമ്പനി ഉപയോഗിക്കാന്‍ പോകുന്നത്. ഇത് ബ്രിട്ടീഷുകാരെ കൊള്ളയടിക്കാന്‍ വേണ്ടി തന്നെയാണ് ചെയ്യുന്നത്.

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ് എന്ന് കേള്‍ക്കുമ്പോള്‍തന്നെ ചിലരുടെയെങ്കിലും നെറ്റി ചുളിയും. കാര്യം വേറൊന്നുമല്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കുരിശില്‍ കയറാത്തവര്‍ ചുരുക്കമാണ്. ചുരുക്കമാണ് എന്ന് വേറുതെ പറഞ്ഞാല്‍ പോര. ഇല്ല എന്നുതന്നെ പറയണം. കൂടാതെ ക്രെഡിറ്റ് കാര്‍ഡിന്റെ പലിശ കൂട്ടിയിരിക്കുകയാണ്. ക്രെഡിറ്റ് കാര്‍ഡ് വഴി സാധനങ്ങള്‍ വാങ്ങിയാല്‍ നിങ്ങളുടെ പക്കല്‍നിന്ന് നല്ല തുക പലിശയിനത്തില്‍ പോകുമെന്നതാണ് പ്രശ്നം.

ഓവര്‍ഡ്രാഫ്റ്റ്

കൂടിയ നിരക്കിലുള്ള ഓവര്‍ഡ്രാഫ്റ്റാണ് മറ്റൊരു പ്രശ്നം. മില്യണ്‍ കണക്കിന് പൗണ്ടാണ് ഈയിനത്തില്‍ ഓരോ വര്‍ഷവും ബാങ്കുകള്‍ സമ്പാദിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.