സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യുക. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും ചോദ്യംചെയ്യല്‍.
മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കകം ഇതിന്റെ റിപ്പോര്‍ട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ലഭിക്കും. ഇതിനുശേഷമാകും ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യുക.
മൊബൈല്‍ ഫോണുകളില്‍നിന്ന് സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. മാത്രമല്ല, പ്രതികള്‍ക്കെതിരേ കൂടുതല്‍ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകും ചോദ്യംചെയ്യല്‍.
നേരത്തെ കോടതി നിര്‍ദേശപ്രകാരം ദിലീപ് അടക്കമുള്ള പ്രതികള്‍ മൂന്നുദിവസത്തെ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. ഇതിനുശേഷമാണ് ദിലീപ് അടക്കമുള്ളവര്‍ക്ക് കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല