1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2022

സ്വന്തം ലേഖകൻ: ആഴ്ചയിൽ 4 ദിവസം ജോലി, 3 ദിവസം അവധി. പിന്നീട് മേലധികാരി വിളിച്ചാലും മൈൻഡ് ചെയ്യണ്ട. ബെൽജിയമാണ് ആകർഷണീയമായ പുതിയ തൊഴിൽ നിയമം അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പ്രഖ്യാപിച്ച തൊഴിൽ വിപണി പരിഷ്കാരങ്ങളുടെ ഭാഗമായി രാജ്യത്തെ തൊഴിലാളികൾക്ക് ആഴ്ചയിൽ നാല് ദിവസം ജോലി ചെയ്യുന്ന രീതി അവലംബിക്കാനുള്ള അവസരമുണ്ട്.

മേലധികാരി വിളിക്കുമോ, വിളിച്ചിട്ട് എടുത്തില്ലെങ്കിൽ എന്തെങ്കിലും പ്രത്യാഘാദമുണ്ടാകുമോ എന്ന പേടി കൂടാതെ ജോലി സമയം കഴിഞ്ഞാൽ ഫോൺ ഓഫാക്കി വയ്ക്കാം. ജോലി സംബന്ധമായ എല്ലാ കാര്യങ്ങളും ജോലി സമയത്തിന് ശേഷം അവഗണിക്കാനും ജീവനക്കാർക്ക് ഇനി അവകാശമുണ്ട്.

രണ്ട് ദുഷ്‌കരമായ വർഷങ്ങളാണ് കടന്നു പോയത്. ഈ കരാറിലൂടെ, കൂടുതൽ നൂതനവും സുസ്ഥിരവും ഡിജിറ്റലുമായ ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക് ഞങ്ങൾ വഴികാട്ടിയാവുകയാണ്. തൊഴിലാളികളെയും ബിസിനസുകളെയും ശക്തമാക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്ന് ബെൽജിയം പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂ പത്രസമ്മേളനത്തിൽ പറഞ്ഞു.

മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കാൻ ജീവനക്കാർ വർക്ക് വീക്കിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരും. അതായത് അധിക അവധിക്കായി ജോലി ചെയ്യുന്ന നാല് ദിവസം 38 മണിക്കൂർ പ്രവൃത്തി സമയം പൂർത്തീകരിക്കണം. വേരിയബിൾ വർക്ക് ഷെഡ്യൂളുകൾ അഭ്യർത്ഥിക്കാനും തൊഴിലാളികൾക്ക് കഴിയും.

കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരെ ഇത് സഹായിക്കുമെന്ന് ബെൽജിയൻ തൊഴിൽ മന്ത്രി പിയറി-യെവ്സ് ഡെർമഗ്നെ പറഞ്ഞു. വിവാഹമോചിതരോ വേർപിരിഞ്ഞവരോ ആയ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ സംരക്ഷണം പങ്കിടുന്ന ഈ നിർദ്ദേശം പ്രയോജനപ്പെടുമെന്ന് തൊഴിൽ മന്ത്രി പറഞ്ഞു.

തൊഴിലുടമകൾക്ക് നാല് ദിവസത്തെ പ്രവൃത്തി ദിവസം എന്ന തൊഴിലാളിയുടെ അഭ്യർത്ഥന നിരസിക്കാൻ കഴിയും. എന്നാൽ എന്തുകൊണ്ടാണ് അത് നിരസിക്കുന്നത് എന്നത് ന്യായമായി രേഖാമൂലം വ്യക്തമാക്കണം. 20ൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ തൊഴിലുടമകൾക്കും പുതിയ നിയമം ബാധകമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.