അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): ആംഗ്ലിക്കന്‍ സഭയിലെ ലഫ്ബറോ രൂപതാ ബിഷപ്പ് മലയാളിയായ റവ. ഫാ. സാജു മുതലാളി യുക്മ പന്ത്രണ്ടാമത് ദേശീയ കലാമേളയുടെ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി ഒരു മലയാളി വേദിയിലെത്തുന്ന അദ്ദേഹത്തിന് യു.കെ മലയാളി സമൂഹത്തിന് വേണ്ടി യുക്മ നേതൃത്വം സ്വീകരണം നൽകും. യുക്മ പ്രസിഡൻറ് ശ്രീ.മനോജ് കുമാർ പിള്ള അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വച്ച് യുക്മ ദേശീയ കലാമേളയിലെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്യുന്നതാണ്.
കോവിഡ് അതിൻ്റെ രൗദ്രഭാവം കൊക്കൊണ്ട കാലഘട്ടത്തിൽ യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ യുകെയിലെയും ലോകമെങ്ങുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ചു കൊണ്ട് സംഘടിപ്പിച്ചതും, വളരെയധികം ജനശ്രദ്ധയാകർഷിച്ചതുമായ “Let’s breack it together” എന്ന പരിപാടിയിൽ പങ്കെടുത്ത ഭാവിയുടെ വാഗ്ദാനങ്ങളായ എല്ലാ കൊച്ചു കലാകാരൻമാരെയും പ്രസ്തുത വേദിയിൽ വച്ച് ആദരിക്കുകയും അവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതുമാണ്. 2022 – ലെ യുക്മ കലണ്ടർ പ്രകാശനവും നാളെ നടക്കും.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മലയാളിയായ ഫാ സാജു മുതലാളി. ലെസ്റ്ററിലെ ലഫ്ബറോ രൂപതയുടെ ബിഷപ്പായാണ് സാജുവിനെ നിയമിച്ചത്. സഭയുടെ പരമാധ്യക്ഷയായ എലിസബത്ത് രാജ്ഞിയാണ് ഉത്തരവില്‍ ഒപ്പുവെച്ചത്. ജനുവരിയില്‍ ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിലെ ചടങ്ങിൽ ഔദ്യോഗിക സ്ഥാനാരോഹണം നടന്നു. തുടര്‍ന്ന് ഫെബ്രുവരി ആദ്യം ലഫ്ബറോയിലെത്തി ചുമതലയേറ്റു.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ഫാ സാജു മുതലാളി. മൂന്ന് വര്‍ഷം മുമ്പ് ഈസ്റ്റ് ലണ്ടനിലെ ബാര്ക്കിംങ്ങില് വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന റവ. ഫാ. ജോണ്‍ പെരുമ്പലത്ത് ചെംസ്ഫോര്‍ഡിലെ ബ്രാഡ്വെല് ബിഷപ്പായി നിയമിതനായിരുന്നു.
ബെംഗളൂരുവില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാജു സതേണ്‍ ഏഷ്യാ ബൈബിള്‍ കോളജില്‍ നിന്നാണ് ഉപരിപഠനത്തിനായി ബ്രിട്ടനിലെത്തിയത്. ഓക്സ്ഫെഡിലെ ഉന്നത പഠനത്തിന് ശേഷം 2009 ല്‍ പുരോഹിതനായി. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി റോച്ചസ്റ്റര്‍ രൂപതയുടെ കീഴിലുള്ള ജില്ലിംങ്ങാം സെന്റ് മാര്‍ക്ക്സ് പള്ളി വികാരിയായിരുന്നു റവ. ഫാ. സാജു മുതലാളി.
42 കാരനായ റവ. ഫാ. സാജുവായിരിക്കും ഇനിമുതല്‍ ആംഗ്ലിക്കന്‍ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്. കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട മണ്‍റോതുരുത്ത് മാട്ടയില്‍ വീട്ടില്‍ എം ഐ ലൂക്കോസ് മുതലാളിയുടെയും അന്നമ്മ ലൂക്കോസിന്റെയും മകനാണ് ഫാ സാജു. ഇംഗ്ലണ്ടുകാരിയായ കെയ്റ്റിയാണ് ഫാ. സാജുവിന്റെ ഭാര്യ. ഇവര്‍ക്ക് നാല് മക്കളുണ്ട്.
നാളെ ശനിയാഴ്ച (19/2/22) രാവിലെ 10 മണിക്ക് യുക്മയുടെ 2021 – 2022 ലെ വാർഷിക പൊതുയോഗം ആരംഭിക്കും. പൊതുയോഗത്തിൽ നടപ്പ് വർഷത്തെ റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കും. യുക്മയുടെ ഭാവി പരിപാടികളെ സംബന്ധിച്ചും ചർച്ച ചെയ്ത് തീരുമാനമെടുക്കും. പൊതുയോഗത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ യുക്മ ദേശീയകലാമേള – 2021 ൻ്റെ ഫലപ്രഖ്യാപനവും വിജയികൾക്കുള്ള സമ്മാനദാനവും നടത്തുന്നതാണ്. പൊതുയോഗത്തിൽ വച്ച് യുക്മ കലാമേളയിലെ വിധികർത്താക്കളെയും ആദരിക്കുന്നതാണ്. പൊതുയോഗത്തിൽ പങ്കെടുക്കുന്ന യുക്മ പ്രതിനിധികൾ അവരവരുടെ അസോസിയേഷനുകളിൽ വിതരണം ചെയ്യുവാനുള്ള യുക്മ കലണ്ടറുകൾ, കലണ്ടർ വിതരണത്തിൻ്റെ ചുമതല വഹിക്കുന്ന നാഷണൽ ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസുമായി ബന്ധപ്പെട്ട് കൈപ്പറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.
കോവിഡ് മഹാമാരി മൂലം ഗവൺമെൻ്റ് നിർദ്ദേശങ്ങൾ പാലിച്ച് യോഗങ്ങൾ നടത്തുവാൻ സമ്മേളന ഹാളുകൾ കിട്ടുവാൻ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ കഴിഞ്ഞ വർഷം ഓൺലൈൻ മീറ്റിംഗിലൂടെയാണ് വാർഷിക പൊതുയോഗം സംഘടിപ്പിച്ച് റിപ്പോർട്ടും, കണക്കും അവതരിപ്പിച്ച് അംഗീകാരം നേടിയത്.
കഴിഞ്ഞ വർഷം യുക്മ ജനറൽ കൗൺസിൽ പ്രതിനിധികളെ നേരിട്ട് ക്ഷണിച്ച് യുക്മയുടെ ദേശീയ വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും നടത്തുവാൻ സാധിക്കാതെ പോയതിനാൽ 2021-2022 ലെ വാർഷിക പൊതുയോഗം വലിയ പ്രതീക്ഷയോടെയാണ് ഫെബ്രുവരി 19ന് നടത്താൻ യുക്മ ദേശീയ സമിതി തീരുമാനിച്ചിരിക്കുന്നത്. യു കെയിലെ ഭരണ നേതൃത്വം ജനജീവിതം സാധാരണ നിലയിലാക്കുവാനുള്ള നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തിക്കഴിഞ്ഞ സാഹചര്യത്തിലാണ് യുക്മയുടെ എല്ലാ പരിപാടികളും ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും മാറ്റി കോവിഡിന് മുൻപെന്ന പോലെ സാധാരണ രീതിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 19 ന് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തോടെ യുക്മയുടെ പരിപാടികൾ സാധാരണ നിലയിലേക്ക് മാറുമെന്നാണ് ദേശീയ സമിതി വിലയിരുത്തുന്നത്.
ബർമിംഗ്ഹാമിൽ രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം ആറ് മണിവരെ ആയിരിക്കും യുക്മ ദേശീയ പൊതുയോഗവും കലാമേളയുടെ ഫലപ്രഖ്യാപനവും വിജയികൾക്കുള്ള സമ്മാനദാനവും, “Let’s breack it together” പരിപാടിയിൽ പങ്കെടുത്ത കൊച്ചുകലാകാരൻമാരെ ആദരിക്കുകയും ചെയ്യുന്നതെന്ന് ജനറൽ
സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. യുക്മയുടെ നൂറ്റി ഇരുപതോളം അംഗ അസോസിയേഷനുകളിൽ നിന്നായി മുന്നൂറ്റിയമ്പതോളം പ്രതിനിധികൾ യോഗത്തിനെത്തുമെന്ന് വിലയിരുത്തപ്പെടുന്നു.
2019 മാർച്ച് 09 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടന്ന ദേശീയ പൊതുയോഗത്തിൽ ആണ് നിലവിലുള്ള ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടത്. ശ്രീ. മനോജ്കുമാർ പിള്ള പ്രസിഡന്റായുള്ള ദേശീയ സമിതി സംഭവ ബഹുലമായ മൂന്ന് വർഷം പൂർത്തിയാക്കുമ്പോൾ, അത് യുക്മയുടെ ചരിത്രത്തിൽ തന്നെ വീരോചിതമായി ഇടംപിടിച്ചിരിക്കുകയാണ്. ഈ ഭരണ സമിതിയുടെ ആദ്യ ഒരു വർഷക്കാലം കേരളാ പൂരം വള്ളംകളി മുതൽ ആദരസന്ധ്യ വരെ അഭിമാനകരങ്ങളായ നിരവധി പരിപാടികൾ സംഘടിപ്പിച്ച് വിജയിപ്പിക്കുവാൻ യുക്മക്ക് കഴിഞ്ഞു. തുടർന്ന് കോവിഡ് മഹാമാരിക്കിടയിൽ ലോകം വിറങ്ങലിച്ച് നിന്ന കാലഘട്ടത്തിലും യുക്മയുടെ പ്രവർത്തനങ്ങൾ ഏററവും മികവുറ്റതാക്കി മാറ്റാൻ യുക്മ ദേശീയ സമിതിക്ക് സാധിച്ചു. കോവിഡ് കാലഘട്ടത്തിൽ രണ്ട് വർഷവും കലാമേളകൾ മുടക്കം വരുത്താതെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുവാനും, 2021-ൽ ചരിത്രത്തിലാദ്യമായി മലയാള മനോരമയുമായിചേർന്ന് ഓണാഘോഷം സംഘടിപ്പിക്കുവാനും സാധിച്ചത് നിലവിലെ കമ്മിറ്റിയുടെ എടുത്ത് പറയാവുന്ന നേട്ടങ്ങളാണ്. യുക്മ ദേശീയ സമിതി പോഷക സംഘടനകളായ യുക്മ സാംസ്കാരിക വേദി, യുക്മ നഴ്സസ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ മലയാളികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് അവക്ക് പരിഹാരം കാണുവാനും യുക്മ ദേശീയ സമിതിക്ക് സാധിച്ചു.
യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻ്റുമാരായ അഡ്വ.എബി സെബാസ്ററ്യൻ, ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലിന സജീവ്, ട്രഷറർ അനീഷ് ജോൺ, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ്, റീജിയണുകളിൽ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങൾ, റീജിയണൽ പ്രസിഡന്റുമാർ മറ്റു ഭാരവാഹികൾ തുടങ്ങിയ യുക്മ മുൻനിര പ്രവർത്തകർ ഉൾപ്പെടുന്ന എല്ലാവരുടേയും ഒത്തൊരുമയുടെയുള്ള പ്രവർത്തനമാണ് ഈ കമ്മിറ്റിയുടെ വിജയത്തിനാധാരം.
ദേശീയ പൊതുയോഗത്തിൽ പങ്കെടുക്കുവാൻ അർഹരായവരുടെ പരിഷ്ക്കരിച്ച പ്രതിനിധി പട്ടിക യുക്മ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുയോഗത്തിൽ പങ്കെടുക്കുന്നവർ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ഒൻപതുമണി മുതൽ പത്ത് മണിവരെ ദേശീയ നിർവാഹക സമിതി യോഗവും ചേരുന്നതാണ്.
യുക്മ ദേശീയ പൊതുയോഗവും യുക്മ ദേശീയകലാമേള – 2021 ൻ്റെ ഫലപ്രഖ്യാപനവും സമ്മാനദാനവും നടക്കുന്ന ഹാളിന്റെ മേൽവിലാസം:
St. Mary’s Church Hall,
30 Hob’smoat Meadow, Solihull,
B92 8PN
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല