![](https://www.nrimalayalee.com/wp-content/uploads/2020/01/Domestic-Workers-New-Law-Kuwait-Manpower-Authority.jpg)
സ്വന്തം ലേഖകൻ: ഖത്തറില്‍ വിദേശത്ത് നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടികളുമായി തൊഴില്‍ മന്ത്രാലയം. റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നിയമനടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയം ഈയിടെ പരിശോധന ഊര്‍ജ്ജിതമാക്കിയിരുന്നു.
പ്രൊബേഷന്‍ കാലയളവ് ഒമ്പത് മാസമാക്കി നീട്ടുന്നത്, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും മാന്‍പവര്‍ ഏജന്‍സികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, റിക്രൂട്ട്മെന്റ് ചാര്‍ജ് കുറയ്ക്കുക, റിക്രൂട്ട്മെന്റ് നിയമനിര്‍ദേശങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് തൊഴില്‍ മന്ത്രാലയം പുതിയ നടപടികള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. തൊഴില്‍ മന്ത്രാലയം ഈയിടെ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 11 റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ അടച്ചുപൂട്ടാനും ഒരു കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാനും മന്ത്രാലയം ഉത്തരവിട്ടിരുന്നു.
ക്ലീനിങ്, ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ തുടങ്ങിയ അനധികൃത പ്രവൃത്തികള്‍ നടത്തിയ ഒരു മാന്‍പവര്‍ കമ്പനിയെയും പരിശോധനയില്‍ കണ്ടെത്തിയതായി മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വരാനിരിക്കുന്ന മാസങ്ങളില്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും പരിശോധന ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഇല്ലാതെ ആയിരിക്കും പരിശോധനയെന്നും റിക്രൂട്ട്മെന്റ് വിഭാഗം മേധാവി നാസര്‍ അല്‍ മന്നാഇ പറഞ്ഞു. പരിശോധനയുടെ ഭാഗമായി കമ്പനികളുടെ ലൈസന്‍സ് കാലാവധി, വാണിജ്യ രജിസ്ട്രേഷന്, മുനിസിപ്പാലിറ്റി അനുമതി, കമ്പ്യൂട്ടര്‍ കാര്‍ഡ് തുടങ്ങിയവരും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പരാതികളും ലംഘനങ്ങളും അധികൃതരെ നേരിട്ട് അറിയിക്കാൻ പുതിയ ഹോട്ലൈൻ സേവനം ആരംഭിച്ചു. മനുഷ്യക്കടത്ത് പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് തൊഴിൽ മന്ത്രാലയത്തിലെ മനുഷ്യക്കടത്ത് പ്രതിരോധ ദേശീയ കമ്മിറ്റി പുതിയ ഹോട്ലൈൻ തുറന്നത്. പൊതുജനങ്ങൾക്ക് 16044 എന്ന ഹോട്ലൈൻ നമ്പറിലോ Ht@moi.gov.qa എന്ന ഇ-മെയിൽ വിലാസത്തിലോ മനുഷ്യക്കടത്ത് സംബന്ധിച്ച പരാതികളും ലംഘനങ്ങളും അറിയിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല