സ്വന്തം ലേഖകൻ: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും. രാവിലെ തൃപ്പൂണിത്തറ ഫ്ലാറ്റിലും എട്ട് മുതൽ 11.30 വരെ ലായം കൂത്തമ്പലത്തിലും പൊതുദർശനത്തിന് വെച്ച ഭൗതികശരീരം തൃശൂരിലെത്തിച്ചു. തൃശൂരിൽ സംഗീത നാടക അക്കാദമി ഹാളിലാണ് പൊതുദർശനം. വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ഓർമ്മ’ എന്ന വീട്ടിലും പൊതുദർശനമുണ്ടാകും. തുടർന്ന് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
ലായം കൂത്തമ്പലത്തിൽ മലയാള സിനിമയിലെ താരങ്ങളും പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളാണ് പ്രിയനടിയെ ഒരുനോക്ക് കാണാൻ എത്തിയത്. നടൻ പൃഥ്വിരാജ്, ജയസൂര്യ, ജനാർദ്ദനൻ, മല്ലിക സുകുമാരൻ, ഹരിശ്രീ അശോകൻ, ഗായകൻ എം.ജി ശ്രീകുമാർ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. നടന് മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവൻ, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്, ശ്രുതി ലക്ഷ്മി, സരയൂ, സംവിധായകന് ബി.ഉണ്ണികൃഷ്ണന്, എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ എന്നിവര്‍ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മരണത്തിൽ നിരവധി പേർ ആദരാഞ്ജലികൾ അർപിക്കുകയും കെപിഎസി ലളിതയ്ക്കൊപ്പമുള്ള ഓർമകൾ പങ്കുവയ്ക്കുകയും ചെയ്തു. തന്റെ സഹപ്രവർത്തക മാത്രമായിരുന്നില്ല, അമ്മയും സ്നേഹിതയും ആയിരുന്നു കെപിഎസി ലളിത എന്ന് നവ്യ നായർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. നിങ്ങളെ ഭീകരമായി മിസ് ചെയ്യുമെന്നും കുറിപ്പിൽ നവ്യ പറഞ്ഞു.
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നതെന്ന് മഞ്ജു വാര്യർ അനുസ്മരിച്ചു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട പറയുന്നതായും മഞ്ജു കുറിച്ചു.
പൃഥ്വിരാജും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. “റെസ്റ്റ് ഇൻ പീസ് ലളിതാ ആന്റി! നിങ്ങളുമായി സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിരുന്നു! എനിക്ക് അറിയാവുന്ന ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ,” പൃഥ്വി കുറിച്ചു.
“ലളിത ചേച്ചി – മികവാർന്ന പ്രകടനങ്ങൾക്ക് നന്ദി ചേച്ചി… അവയിലൂടെ നിങ്ങൾ തലമുറകളോളം ജീവിക്കും. നിങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,” എന്നായിരുന്നു അഭിനേത്രിയും സംവിധായികയുമായ രേവതി കുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല