![](https://www.nrimalayalee.com/wp-content/uploads/2020/04/coronavirus-covid-19-lockdown-Kerala-Update-Break-the-Chain-Pinarayi.jpg)
സ്വന്തം ലേഖകൻ: കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികൾ യുക്രൈനിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ സുരക്ഷാ കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ എസ് ജയശങ്കറിന് കത്ത് നൽകിയതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
“യുക്രൈനിലെ നിലവിലെ സാഹചര്യം അവിടെയുള്ള മലയാളികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുയർത്തുന്നുണ്ട്. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികൾ നിലവിൽ അവിടെയുണ്ട്. അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിനു കത്തയച്ചു. യുക്രൈനിലുള്ള മലയാളി വിദ്യാർത്ഥികളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു.” മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അതേസമയം ഇതുവരെ നാട്ടിൽ പോകുന്ന കാര്യത്തിൽ യൂണിവേഴ്സിറ്റികളുടെ ഭാഗത്തു നിന്നും കൃത്യമായ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മൂന്നാം വർഷം പഠിക്കുന്നവർ നാട്ടിൽ പോയി ഒരു മാസത്തിനുള്ളിൽ മടങ്ങിയെത്തിയില്ലെങ്കിൽ ഒരു വർഷം നഷ്ടപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാൽ നാട്ടിലേക്ക് പോകാൻ മടിയായിരുന്നുവെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
ഇന്ന് ടിക്കറ്റ് എടുത്തവരുടെ യാത്ര റദ്ദാക്കിയിട്ടുണ്ട്. നിരക്കിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വിമാന താവളത്തിനടുത്ത് സ്ഫോടനം ഉണ്ടായെന്നാണ് അറിയാൻ സാധിച്ചത്. ടിക്കറ്റ് കിട്ടിയാൽ നാട്ടിലേക്ക് മടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് മുഹമ്മദ് എന്ന വിദ്യാർത്ഥി പറഞ്ഞു.
ഇരുന്നൂറിൽ അധികം മലയാളി വിദ്യാർത്ഥികൾ ഒഡേസ, കാർക്കീവ് നഗരങ്ങളിൽ കുടുങ്ങി. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്ക് അനുസരിച്ച് 213 വിദ്യാർത്ഥികളാണ് യുക്രൈനിൽ കുടുങ്ങിയിരിക്കുന്നത്. ഒഡേസ സർവകലാശാലയിലെ 200 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിയത്. കാർക്കീവ് നാഷ്ണൽ സർവകലാശാലയിൽ 13 വിദ്യാർത്ഥികളും കുടുങ്ങിയിട്ടുണ്ട്. ഇരു സർവകലാശാലകളും തമ്മിൽ 700 കിലോമീറ്ററോളും ദൂരമുണ്ട്. സ്ഥിതി അത്യന്തം ഗുരുതരമാണെന്നാണ് നോർക്ക വ്യക്തമാക്കിയിരിക്കുന്നത്.
രാവിലെ അഞ്ച് മണിയോടെ വൻ സ്ഫോടന ശബ്ദം കേട്ടാണ് ഉണർന്നതെന്ന് കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി. ഇപ്പോൾ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും വിദ്യാർത്ഥികളൊക്കെ ഭയത്തോടെയാണ് കഴിയുന്നതെന്നും വിദ്യാർത്ഥിനി പറഞ്ഞു.
സുഹൃത്തുക്കൾ നഗരത്തിൽ ഇറങ്ങിയപ്പോൾ ഭക്ഷണത്തിനു വേണ്ടിയുള്ള നീണ്ട ക്യൂ കണ്ടതായി വിദ്യാർത്ഥിനി പറഞ്ഞു. മനോരമ ഓൺലൈനോടാണ് വിദ്യാർത്ഥിനി പ്രതികരിച്ചത്. ബുധനാഴ്ച വരെ ക്ലാസ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ക്ലാസിലേക്ക് വേണ്ടെന്നാണ് ഡീൻ അറിയിച്ചത്. എംബസിയിൽ നിന്നും വിവരങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.
കൂടുതൽ പ്രശ്നം ഉണ്ടായാൽ സുരക്ഷിതമായ ഏതെങ്കിലും നഗരത്തിലേക്ക് പോകാൻ ആലോചിക്കുന്നുണ്ട്. അതിനായി ഇന്ത്യക്കാരുടെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രവർത്തിക്കുന്നുണ്ട്. പോളണ്ടിനു സമീപത്തെ പ്രദേശങ്ങൾ സുരക്ഷിതമാണെന്നാണ് കേൾക്കുന്നതെന്നും വിദ്യാർത്ഥിനി പറഞ്ഞു.
കാർക്കീവിലെ പെരിമോഹയിൽ നേരത്തെ വെടിയൊച്ച കേട്ടു. കാക്കീവിൽ പ്രശ്നം ഉണ്ടായാൽ സമാധാനമുള്ള പോളണ്ടിനു സമീപത്തെ പ്രദേശത്തേക്ക് പോകും. ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് യാതൊനു വിവരവും ലഭിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല