സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം സൗദി തൊഴില്‍ മേഖലയില്‍ സ്വദേശികള്‍ക്ക് റെക്കോഡ് നേട്ടം. 2021ല്‍ മാത്രം നാലു ലക്ഷത്തിലേറെ സ്വദേശി യുവതീ യുവാക്കളാണ് പുതുതായി സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് സുലൈമാന്‍ അല്‍ റാജിഹി അറിയിച്ചു. ഒരു വര്‍ഷം ഇത്രയും പേര്‍ രാജ്യത്ത് തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നത് ഇതാദ്യമാണെന്നും റെക്കോഡ് വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഫോറം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ യുവതീയുവാക്കളില്‍ ബിരുദം നേടി പുറത്തിറങ്ങിയ മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കാന്‍ സാധിച്ചു. ഇതാദ്യമായാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഒരു വര്‍ഷം പഠിച്ചിറങ്ങുന്ന മുഴുവന്‍ പേര്‍ക്കും ആ വര്‍ഷം തന്നെ തൊഴില്‍ നല്‍കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെയാണ് ഈ വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. 2021ല്‍ 32 മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കാന്‍ സാധിച്ചു. ഫാര്‍മസി, ഡെന്റിസ്ട്രി, അക്കൗണ്ടിംഗ്, നിയമം, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെയാണിത്. 32 മേഖലകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ കണ്ടെത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അതിന്റെ ഇരട്ടി നേട്ടമാണ് കൈവരിക്കാനായതെന്നും മന്ത്രി പറഞ്ഞു.
സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നതില്‍ സ്വകാര്യ മേഖലയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നതിന് തെളിവാണിത്. സ്വകാര്യ മേഖലയില്‍ 30 പുതിയ തൊഴില്‍ രംഗങ്ങളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് 2022ല്‍ ലക്ഷ്യമിടുന്നത്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ സാമഗ്രികളുടെ വ്യാപാരം, കോണ്‍ട്രാക്റ്റിംഗ് മേഖല തുടങ്ങിയവയില്‍ ഉള്‍പ്പെടെ ഈ വര്‍ഷം സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട ആറ് തൊഴിലുകളില്‍ ഇതിനകം സ്വദേശിവല്‍ക്കരണം നടപ്പാക്കിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. തൊഴല്‍ അവസരങ്ങളുടെ നിര്‍മാണം ഒരു യാഥാര്‍ഥ്യമായി മാറിയിരിക്കുകയാണെന്നും സ്വകാര്യ മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം സൗദി യുവാക്കള്‍ക്ക് തൊഴില്‍ നേടാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. നിലവില്‍ 19.5 ലക്ഷം സൗദി യുവതീ യുവാക്കളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്.
ഈ വര്‍ഷം 30 തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശി വല്‍ക്കരണം നടപ്പിലാക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനം സൗദിയിലെ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാളുകളിലേത് ഉള്‍പ്പെടെ താരതമ്യേന അപ്രധാനമായ ജോലികളില്‍ പോലും പ്രവാസികളെ മാത്രമേ നിയമിക്കാവൂ എന്ന തീരുമാനം കഴിഞ്ഞ വര്‍ഷം ലക്ഷക്കണക്കിന് പ്രവാസികളെ തൊഴില്‍ രഹിതരാക്കിയിരുന്നു. ഇനി കൂടുതല്‍ മേഖലകളിലേക്ക് കൂടി സ്വദേശി വല്‍ക്കരണം വ്യാപിപ്പിക്കുന്നത് വലിയ തിരിച്ചടിയാവും. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ദുരിതത്തിലായ പ്രവാസികളുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാകാന്‍ ഇത് കാരണമായേക്കും. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികള്‍ സൗദി തൊഴില്‍ മേഖല വിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല