1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2022

സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ വിമാനം റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി യുക്രൈന്‍. ഞായറാഴ്ച കീവിനടുത്തെ എയര്‍ഫീല്‍ഡിലുണ്ടായ ആക്രമണത്തിലാണ് AN-225 മ്രിയ (യുക്രൈനിയന്‍ ഭാഷയില്‍ സ്വപ്‌നം എന്ന് അര്‍ഥം) വിമാനം തകര്‍ക്കപ്പെട്ടത്. റഷ്യയുടെ നടപടിയെ ശക്തമായ അപലപിച്ച യുക്രൈന്‍ തങ്ങളുടെ സ്വപ്‌ന വിമാനത്തെ പുനര്‍നിര്‍മിക്കുമെന്നും വ്യക്തമാക്കി.

കോവിഡിന്റെ ഇരുണ്ട മണിക്കൂറുകളില്‍ പ്രതീക്ഷയുടെ അടയാളമായിരുന്ന വിമാനമാണ് റഷ്യ നശിപ്പിച്ചതെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപന വേളയില്‍ ഒട്ടനവധി ജീവന്‍ രക്ഷാ വാക്‌സിന്‍, പിപിഇ കിറ്റ് എന്നിവ ലോകത്താകമാനം വിതരണം ചെയ്ത വിമാനമാണ് റഷ്യന്‍ സേന തകര്‍ത്തതെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

‘ഞങ്ങളുടെ മ്രിയയെ തകര്‍ക്കന്‍ റഷ്യയ്ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യുറോപ്യന്‍ രാഷ്ട്രമെന്ന നമ്മുടെ സ്വപ്‌നം തകര്‍ക്കാന്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല. നമ്മള്‍ ജയിക്കും’ – മ്രിയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.

84 മീറ്റര്‍ നീളമുള്ള വിമാനത്തില്‍ 250 ടണ്‍ (551,000 പൗണ്ട്) വരെ ചരക്ക് കൊണ്ടുപോകാന്‍ കഴിയും. യുക്രൈനിയന്‍ എയറോനോട്ടിക്‌സ് കമ്പനിയായ ആന്റോനോവ് നിര്‍മിച്ച മ്രിയയ്ക്ക് മണിക്കൂറില്‍ 850 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാനാകും. 1988ലാണ് AN-225 മ്രിയ ആദ്യമായി പറന്നുയര്‍ന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.