1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2022

സ്വന്തം ലേഖകൻ: യുക്രൈയ്നിൽ പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇക്കാര്യം പാര്‍ലമെന്‍റിന്‍റെ വിദേശകാര്യ സ്ഥിരം സമിതിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ‘ഓപ്പറേഷൻ ഗംഗ’ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 3,000 ഇന്ത്യക്കാർ യുക്രൈയ്ൻ അതിർത്തി കടന്നു. യുക്രൈയ്ന്‍റെ എല്ലാ അതിര്‍ത്തികളിലും വിദേശകാര്യ മന്ത്രാലയത്തിന്റെ സംഘമെത്തി.

‘ഓപ്പറേഷൻ ഗംഗ’ കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ.സിങ് എന്നിവരെ യുക്രൈയ്നിന്റെ അയൽ രാജ്യങ്ങളിലേക്ക് അയയ്ക്കും. റുമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കാണു മന്ത്രിമാരെ അയയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

യുദ്ധം രൂക്ഷമായ യുക്രൈനില്‍ നിന്നും വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ എത്തിച്ച ശേഷം അവിടെ നിന്ന് നാട്ടിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് അതിര്‍ത്തി രാജ്യങ്ങളിലേക്ക് കേന്ദ്രമന്ത്രിമാരെ അയച്ചത്.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അതിര്‍ത്തികടക്കാന്‍ കഴിയുന്നില്ലെന്നും എംബസി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്നും പരാതികളുണ്ടായിരുന്നു. കിലോമീറ്ററുകളോളം കാല്‍നടയായി എത്തുന്നവരെ യുക്രൈന്‍ പട്ടാളം തടഞ്ഞ് നിര്‍ത്തുന്നു എന്ന പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിമാരെ അയക്കുന്നത്. എംബസി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മതിയായ സഹായം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട് വിദ്യാര്‍ഥികള്‍ക്ക്.

അതോടൊപ്പം തന്നെ മന്ത്രിമാര്‍ കാര്യങ്ങള്‍ നേരിട്ട് ഏകോപിപ്പിച്ചാല്‍ എത്ര വിമാനങ്ങള്‍ അയക്കണം. ഇതിന്റെ ഇടവേളകള്‍ എങ്ങനെയായിരിക്കണം തുടങ്ങിയ കാര്യങ്ങളിലും കുറച്ച്കൂടി വേഗത കൈവരിക്കാന്‍ കഴിയുമെന്നും കേന്ദ്രം വിലയിരുത്തുന്നു. ഇന്ന് അല്ലെങ്കില്‍ നാളെയായിരിക്കും മന്ത്രിമാര്‍ പോകുക. ആറ് വിമാനങ്ങള്‍ കൂടി യുക്രൈനിലേക്ക് പോകുന്നുണ്ട്. ഇതിന്റെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമുണ്ടാകും. ആവശ്യമെങ്കില്‍ വ്യോമസേനയുടെ സഹായം തേടാനും ആലോചിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.