1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2022

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം ഗണ്യമായ തോതില്‍ കുറഞ്ഞുവന്ന സാഹചര്യത്തില്‍ യാത്രാ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാന്‍ സുപ്രിം കമ്മിറ്റി. പൂര്‍ണമായും വാക്സിനെടുത്ത യാത്രക്കാര്‍ക്ക് ഇന്ന് മാര്‍ച്ച് ഒന്നു മുതല്‍ യാത്രയ്ക്കു മുമ്പുള്ള ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ല. ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്കു മുമ്പായി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയതിനു പിന്നാലെയാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒമാന്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസ് എടുത്തവരെയാണ് ആര്‍ടിപിസിആര്‍ പരിശോധനയില്‍നിന്ന് ഒഴിവാക്കിയത്. ഫൈസര്‍, ആസ്ട്രാസെനക്ക, സ്പുട്നിക്, സിനോവാക്, മൊഡേണ, സിനോഫാം, കോവാക്സിന്‍ എന്നിവയുടെ രണ്ടു ഡോസുകളും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്റെ ഒരു ഡോസും എടുത്തവര്‍ക്ക് പരിശോധനയില്‍ ഇളവ് ലഭിക്കും. 18 വയസ്സിന് മുകളില്‍ പ്രായമുള്ള വിദേശി യാത്രക്കാര്‍ വാക്സിന്‍ സ്വീകരിച്ചു എന്നതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രാ വേളയില്‍ ഹാജരാക്കണം. രാജ്യത്തെത്തുന്ന സ്വദേശികള്‍ക്കും 18 വയസ്സിന് താഴെയുള്ള പ്രവാസികളുടേത് അടക്കമുള്ള കുട്ടികള്‍ക്കും ഈ നിബന്ധന ബാധകമല്ല.

മാര്‍ച്ച് ഒന്ന് മുതല്‍ തുറസായ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്നും കോവിഡ് കാര്യങ്ങള്‍ക്കായുള്ള സുപ്രീംകമ്മിറ്റി അറിയിച്ചു. അതേസമയം, ഇന്‍ഡോര്‍ ഹാളുകളിലും അടച്ചിട്ട മുറികളിലും നടക്കുന്ന പരിപാടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. രാജ്യത്തെ ഹോട്ടലുകളില്‍ ഇന്നു മുതല്‍ 100 ശതമാനം ശേഷിയില്‍ ഉപഭോക്താക്കളെ പ്രവേശിക്കാനും സുപ്രിം കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഹാളുകളിലും മറ്റും നടക്കുന്ന സമ്മേളനങ്ങള്‍, എക്സിബിഷനുകള്‍, പൊതുപരിപാടികള്‍ തുടങ്ങിയവയില്‍ ശേഷിയുടെ 70 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നും നിര്‍ദ്ദേശമുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഇവിടെ പരിപാടികള്‍ നടത്തണ്ടേത്.

അതോടൊപ്പം രാജ്യത്തെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും 100 ശതമാനം കുട്ടികളെയും പങ്കെടുപ്പിച്ച് നേരിട്ടുള്ള ക്ലാസ്സുകള്‍ നടത്താനും സുപ്രീം കമ്മിറ്റി അനുമതി നല്‍കി. മാര്‍ച്ച് ആറ് ഞായറാഴ്ച മുതലായിരിക്കും ഇതിന് അനുമതി. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്ന മറ്റ് കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം, ഐസിയുവില്‍ കിടക്കുന്നവരുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് തീരുമാനം.

അതിനിടെ, രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ നിരക്ക് വലിയ തോതില്‍ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ തിങ്കളാഴ്ച 863 പുതിയ പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടു പേര്‍ കൂടി കോവിഡ് ബാധ മൂലം മരണപ്പെടുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 382,244ഉം കോവിഡ് മരണം 4,244ഉം ആയി. ഇതിനകം 368,677 പേരാണ് കേവിഡ് മുക്തി നേടിയത്. 96.5 ശതമാനമാണ് രോഗമുക്തി നിരക്ക്. 57 പേരെയാണ് പുതുതായി കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഐസിയു പരിചരണത്തിലുള്ള 60 പേര്‍ അടക്കം ആകെ 251 കോവിഡ് രോഗികളാണ് ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.