![](https://www.nrimalayalee.com/wp-content/uploads/2021/08/Oman-Amnesty-Deadline-Extended.jpg)
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഒമാൻ. റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ കുറഞ്ഞതിനാൽ ആണ് ഒമാൻ ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് എത്തിയത്. മാർച്ച് ഒന്നു മുതൽ തുറസ്സായ സ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന സുപ്രീംകമ്മിറ്റി അറിയിച്ചു. ഒമാൻ മാത്രമല്ല മാസ്ക് ഒഴിവാക്കാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ദുബായ്, സൗദിയും മാസ്ക് ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
എന്നാൽ, ഇൻഡോർ ഹാളുകളിലും അടച്ചിട്ട മുറികളിലും നടക്കുന്ന പരിപാടികൾക്ക് മാസ്ക് നിർബന്ധമാണ്. നൂറുശതമാനം ശേഷിയിൽ ഹോട്ടലുകൾ പ്രവർത്തിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഹാളുകളിൽ നടക്കുന്ന എക്സിബിഷനുകൾ, പൊതുപരിപാടികൾ എന്നിവക്ക് പങ്കെടുക്കാൻ വേണ്ടി 70 ശതമാനം ആളുകൾ മാത്രമേ എത്താൻ പാടുള്ളു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെയായിരിക്കണം ഇത്തരത്തിലുള്ള പരിപാടികൾ നടക്കേണ്ടത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് ആറു മുതൽ പൂർണ തോതിൽ നേരിട്ട് നടത്താം.
ഒമാനിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ കൂറവാണ്. അത് കൊണ്ട് തന്നെയാണ് നിയന്ത്രണങ്ങളിൽ ഇളവുവരുത്താൻ ഒമാൻ തീരുമാനിച്ചത്. അതേസമയം, വിദേശ രാജ്യങ്ങളിൽനിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനി മുതൽ പി.സി.ആർ പരിശോധന ആവശ്യമില്ല. ഒമാൻ അംഗീകരിച്ച രണ്ട്ഡോസ് വാക്സിൻ എടുത്തവരെയാണ് ആർ.ടി.പി.സി.ആർ പരിശോധനയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്.
ഫൈസർ, ആസ്ട്രാസെനക, സ്പുട്നിക്, സിനോവാക്സ്, മൊഡേണ, സിനോഫാം, കൊവാക്സിൻ,ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾ സ്വീകരിച്ചവർക്കാണ് ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. ഒമാൻ പുറത്തുവിട്ടിരിക്കുന്ന പുതിയ തീരുമാനം കൂടുതൽ പേർക്ക് ആശ്വസമാക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല