![](https://www.nrimalayalee.com/wp-content/uploads/2020/09/Bahrain-Domestic-Workers-Recruitment-Covid-19.png)
സ്വന്തം ലേഖകൻ: സൗദിയിൽ പരിഷ്കരിച്ച ഗാർഹിക തൊഴിൽ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. വാരാന്ത്യ–വാർഷിക അവധി, രോഗാവധി, സേവനാന്ത ആനുകൂല്യം തുടങ്ങി വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട സമസ്ത മേഖലകളും പ്രതിപാദിക്കുന്ന നിയമത്തിൽ തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വിശദീകരിക്കുന്നുണ്ട്.
ജോലിയുടെ സ്വഭാവം, വേതനം, പ്രൊബേഷൻ, കരാർ കാലാവധി, പുതുക്കൽ, ഓവർടൈം തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തി തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ട തൊഴിൽ കരാർ മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ അപ് ലോഡ് ചെയ്യണമെന്നും നിർദേശിക്കുന്നു.
21 വയസ്സിന് താഴെയുള്ളവരെ വീട്ടുജോലിക്ക് നിയമിക്കരുത്. പ്രൊബേഷൻ കാലാവധി 90 ദിവസത്തിൽ കൂടരുത്. ഈ കാലയളവിൽ ഇരുകൂട്ടർക്കും സ്വന്തം ഇഷ്ടപ്രകാരം കരാർ അവസാനിപ്പിക്കാം. ഇരുകൂട്ടരും സമ്മതിക്കുകയോ കക്ഷികളിൽ ഒരാൾ മരിക്കുകയോ ചെയ്താൽ തൊഴിൽ കരാർ അവസാനിച്ചതായി കണക്കാക്കും.
ശമ്പളം കുറയ്ക്കരുതെന്നും നിർദേശമുണ്ട്. വാർഷിക അവധി എടുക്കുന്നില്ലെങ്കിൽ പകരം വേതനം നൽകണം. തുടർച്ചയായി 4 വർഷം സേവനമനുഷ്ഠിച്ചവർക്ക് ഒരു മാസത്തെ സേവനാന്ത ആനുകൂല്യത്തിന് അർഹതയുണ്ട്. ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകേണ്ടത്.
തൊഴിലാളികളോട് ദേശ, ഭാഷ, വർണ, ലിംഗ വിവേചനം പാടില്ല. ആശയവിനിമയം അനുവദിക്കണം.പാസ്‌പോർട്ട് അടക്കം വ്യക്തിഗത രേഖകൾ പിടിച്ചുവക്കാൻ പാടില്ല. തുടരാൻ ആഗ്രമില്ലാത്തവരെ കാലാവധിക്കുശേഷം തിരിച്ചുപോകാൻ അനുവദിക്കണം. തൊഴിലാളി മരിച്ചാൽ തൊഴിലുടമയുടെ ചെലവിൽ മൃതദേഹം നാട്ടിൽ എത്തിക്കണമെന്നും വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല