സ്വന്തം ലേഖകൻ: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ സമ്പൂര്‍ണ ഇളവുനല്‍കി കര്‍ണാടക. പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണം, യാത്രാനിയന്ത്രണം ഉള്‍പ്പെടെയാണ് പിന്‍വലിച്ചത്.
എന്നാല്‍, മാസ്കുകളുടെ ഉപയോഗവും സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങളും തുടരണം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ഉത്തരവിന്റെ കാലാവധി ഫെബ്രുവരി 28ന് അവസാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ പുതിയ ഉത്തരവുകളൊന്നും പുറത്തിറക്കേണ്ടെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. അതേസസമയം, വര്‍ക്ക് ഫ്രം ഹോം സംവിധാനം പൂര്‍ണമായി പിന്‍വലിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ചുവരുകയാണെന്നും സൂചനകളുണ്ട്.
ഇതിന് നിലവില്‍ തടസ്സങ്ങളില്ലെന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തേ കേരളം, ഗോവ, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും കര്‍ണാടക എടുത്തുകളഞ്ഞിരുന്നു.
സിനിമ തിയറ്ററുകള്‍, നീന്തല്‍കുളങ്ങള്‍ എന്നിവിടങ്ങളിലേക്കും ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങളില്ല. നിലവില്‍ ഒരു ശതമാനത്തിന് താഴെയാണ് കര്‍ണാടകയിലെ കോവിഡ് വ്യാപന നിരക്ക്. വിവാഹങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ഉൾപ്പെടെ ഇനി മുതൽ നിയന്ത്രണമുണ്ടാകില്ല. അതേസമയം, മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസർ തുടങ്ങിയ കോവിഡ് മാർഗനിർദേശം പാലിക്കണം.
കാറുകളില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്ക് മാസ്ക് നിർബന്ധമാക്കേണ്ടതില്ലെന്ന കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശത്തിലും സർക്കാർ വൈകാതെ ഉത്തരവിറക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല