1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2022

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുമ്പോള്‍ തൊഴില്‍ കരാറുകളില്‍ ഇന്‍ഷുറന്‍സ് ബാധകമാക്കാനുള്ള തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്ന് സൗദി സെന്‍ട്രല്‍ ബാങ്കിന്റെ (എസ്എഎംഎ) സഹകരണത്തോടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഗാര്‍ഹിക തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും ഒരുപോലെ ഗുണം ചെയ്യുന്ന സുപ്രധാന നീക്കം മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രിലില്‍ നിലവില്‍ വരുമെന്ന് അല്‍- ഇക്തിസാദിയാ വാര്‍ത്താദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായുള്ള എക്‌സ്‌ക്ലൂസീവ് പ്ലാറ്റ്‌ഫോമായ മുസാനെദുമായി ഇന്‍ഷുറന്‍സ് കമ്പനികളെ ബന്ധിപ്പിക്കുന്നതിലൂടെ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കരാറുകളുടെ ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ മന്ത്രാലയം പൂര്‍ത്തിയാക്കി വരികയാണ്. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

തൊഴിലാളികള്‍ ഒളിച്ചോടുന്ന സാഹചര്യം ഉണ്ടായാല്‍ റിക്രൂട്ട്‌മെന്റ് ചെലവിന്റെ മൂല്യം തിരികെ നല്‍കുന്നതിലൂടെ ഗാര്‍ഹിക തൊഴില്‍ കരാറിലെ ഇന്‍ഷുറന്‍സ് തൊഴിലുടമയ്ക്ക് ഗുണം ചെയ്യും. കൂടാതെ, മൂന്ന് മാസത്തെ പ്രൊബേഷന്‍ അവസാനിച്ചതിന് ശേഷമുള്ള കരാര്‍ കാലാവധിയുടെ ശേഷിക്കുന്ന കാലയളവില്‍ തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നാലും തൊഴിലുടമയ്ക്ക് ഗുണം ചെയ്യും.

ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, തൊഴില്‍ കാലയളവില്‍ എപ്പോഴെങ്കിലും ശമ്പളം ലഭിക്കാതിരുന്നാല്‍ ആ സമയത്തെ നഷ്ടപരിഹാരം ഉള്‍പ്പെടെ ലഭിക്കും. റിക്രൂട്ട്‌മെന്റ് കരാറില്‍ ഇന്‍ഷുറന്‍സ് ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള മന്ത്രാലയത്തിന്റെ തീരുമാനം നിര്‍ബന്ധമല്ല. എന്നാല്‍, ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഓപ്ഷണല്‍ ആയിരിക്കും.

എന്നിരുന്നാലും, ഇന്‍ഷുറന്‍സ് പോളിസിയുമായി ഗാര്‍ഹിക തൊഴില്‍ കരാര്‍ ബന്ധിപ്പിക്കുന്നത് ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും. ഗാര്‍ഹിക തൊഴിലാളികള്‍ക്കും സമാന ജോലിക്കാര്‍ക്കും ആര്‍ട്ടിക്കിള്‍ 6 അനുസരിച്ച്, തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും ഉത്തരവുകള്‍ അനുസരിക്കുന്നത് പോലെ തന്നെ സമ്മതിച്ച ജോലി നിര്‍വഹിക്കാന്‍ തൊഴിലാളി ബാധ്യസ്ഥനാണ്. നിയമാനുസൃതമായ കാരണമില്ലാതെ ജോലി നിരസിക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യരുത്. തൊഴിലാളികള്‍ അവരുടെ സ്വന്തം നേട്ടത്തിനായി ജോലിയില്‍ ഏര്‍പ്പെടരുതെന്ന് ആര്‍ട്ടിക്കിള്‍ വ്യവസ്ഥ ചെയ്യുന്നു.

തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് സംരക്ഷിക്കുക, കുട്ടികള്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് ദോഷകരമായതൊന്നും ചെയ്യരുത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗാര്‍ഹിക തൊഴിലാളികള്‍ പാലിക്കണം. തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും രഹസ്യങ്ങള്‍ സംരക്ഷിക്കാനും മറ്റുള്ളവരോട് പറയാതിരിക്കാനും തൊഴിലാളി ബാധ്യസ്ഥനാണ്. തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും അന്തസ്സിന് ഹാനികരമായ വിധത്തില്‍ ഒന്നും തന്നെ തൊഴിലാളി ചെയ്യാന്‍ പാടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.