![](https://www.nrimalayalee.com/wp-content/uploads/2022/03/First-Look-Ukraine-Giant-225-Cargo-jet-After-Bombing-.jpg)
സ്വന്തം ലേഖകൻ: റഷ്യ – യുക്രൈയ്ൻ യുദ്ധത്തിൽ ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമായ ആന്റോനോവ് എഎൻ 225 അഥവാ മ്രിയ വിമാനം തകർന്ന വാർത്ത ദിവസങ്ങൾക്ക് മുൻപാണ് ലോകം അറിഞ്ഞത്. യുക്രൈയ്ൻ അധികൃതരാണു വിവരം പുറത്തറിയിച്ചതെങ്കിലും വിമാനം തകർന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങളിലും ദൃശ്യങ്ങളിലും അതിദയനീയ കാഴ്ചകളാണ് കാണുന്നത്. കീവിലെ ഹോസ്റ്റോമലിൽ ഒരു യുക്രൈയ്നിയൻ എയർബേസിലാണു വിമാനം സ്ഥിതി ചെയ്തത്.
ഇങ്ങോട്ടേക്ക് കടന്നുവന്ന റഷ്യൻ സൈനികർ അഴിച്ചുവിട്ട ആക്രമണത്തിലാണു വിമാനത്തിനു സാരമായ കേടുപാടുകൾ പറ്റിയത്. ഭീമാകാരമായ കാർഗോ ജെറ്റിന്റെ മൂക്കും ചിറകുകളും തകർന്നു കിടക്കുന്നത് കാണാം. എൻജിനുകളുടെ നിലവിലെ അവസ്ഥ എന്താണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നില്ല. മിക്ക എൻജിനുകളും സാരമായി കേടായതിനാൽ വിമാനം കൂടുതൽ നശിച്ചതായി തോന്നുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപുള്ള ഒരു ഉപഗ്രഹ ചിത്രത്തിൽ എഎൻ-225 ന്റെ പിൻഭാഗം കാണിക്കുന്നുണ്ട്. എന്നാൽ, ശേഷിക്കുന്ന ഭാഗങ്ങളെല്ലാം ഹോസ്റ്റമൽ എയർപോർട്ടിലെ ഭീമാകാരമായ ഷെൽട്ടറിന് കീഴിൽ മറഞ്ഞിരിക്കുന്നതായാണാ കാണുന്നത്.
എന്നാൽ വ്യോമയാനമേഖലയിൽ ഇതിഹാസതുല്യമായ സ്ഥാനമുള്ള തങ്ങളുടെ ഈ അഭിമാനവിമാനം എന്തു വില കൊടുത്തും പുനർനിർമിക്കുമെന്ന് യുക്രൈയ്ൻ അറിയിച്ചിരുന്നു. 300 കോടി ഡോളർ പുനർനിർമാണത്തിനു ചെലവാകുമെന്നാണു കണക്ക്. ഇത് റഷ്യ വഹിക്കണമെന്നും യുക്രൈയ്ൻ ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎസും യുഎസ്എസ്ആറും തമ്മിൽ ശീതയുദ്ധം കൊടുമ്പിരി കൊണ്ടുനിന്ന എൺപതുകളിലാണ് മ്രിയയുടെ നിർമാണം. 290 അടി ചിറക്നീളമുള്ള ഈ വിമാനം സോവിയറ്റ് യൂണിയന്റെ അഭിമാനമായിരുന്നു. പിൽക്കാലത്ത് സോവിയറ്റ് യൂണിയൻ തകർന്ന ശേഷം ഈ വിമാനം യുക്രൈയ്നിയൻ വ്യോമവകുപ്പിനു കീഴിലുണ്ട്. ഒട്ടേറെ ആരാധകർ ലോകമെമ്പാടും മ്രിയയ്ക്കുണ്ട്. ഈ വിമാനം കാണാൻ വേണ്ടി മാത്രം എയർഷോകളിൽ പങ്കെടുക്കുന്നവരുമുണ്ട്. 1988 മുതൽ ഉപയോഗത്തിലുള്ള വിമാനം അടുത്തിടെ കോവിഡ് പ്രതിസന്ധിയിൽ അവശ്യവസ്തുക്കളും മരുന്നുകളും വിതരണം ചെയ്യാനായി ഉപയോഗിച്ചിരുന്നു.
ഹിരാകാശത്തേക്ക് ആളുകളെ വഹിക്കുന്ന ബുരാൻ പദ്ധതിയുടെ കാർഗോ വഹിക്കാനായി ആയിരുന്നു മ്രിയ രൂപകൽപന ചെയ്യപ്പെട്ടത്. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം ബഹിരാകാശ പദ്ധതികൾ അലംകോലമായതോടെ ഇതു ചരക്കുവിമാനമായി ഉപയോഗിക്കുകയായിരുന്നു. കീവിലുള്ള അന്റോണോവ് കമ്പനിയാണ് ഇതു നിർമിച്ചത്. ഇതിന്റെ സമാനരൂപത്തിൽ വലുപ്പം കുറഞ്ഞ കോൺഡോർ എന്ന വിമാനവും ആന്റോണോവ് നിർമിച്ചിരുന്നു. ഇതിപ്പോൾ റഷ്യൻ വ്യോമസേന ഉപയോഗിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല