![](https://www.nrimalayalee.com/wp-content/uploads/2022/03/Arab-Nations-Drinking-Water-Quality-Kuwait.jpg)
സ്വന്തം ലേഖകൻ: അറബ് രാജ്യങ്ങളില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഏറ്റവും കൂടുതല്‍ കുവൈത്തില്‍. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജലവൈദ്യുതി മന്ത്രാലയത്തിലെ ജലപദ്ധതികളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹമൂദ് അല്‍ റൗദാന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ 70 വര്‍ഷത്തിലേറെയായി സമുദ്രജലം ശുദ്ധീകരിച്ച് ജലാവശ്യം പരിഹരിക്കുന്നതില്‍ കുവൈത്ത് മുന്നിലാണ്. മാത്രമല്ല, കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിലും കുവൈത്ത് മുന്നിലാണെന്ന് ലോകാരോഗ്യ സംഘടനയുടെയും യുനിസെഫിന്റെയും പഠന റിപ്പോര്‍ട്ട് ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊതുജനാരോഗ്യ സംരക്ഷണത്തിലും കുടിവെള്ളത്തിന്‍റെ നിലവാരം ഉറപ്പുവരുത്തുന്നതിനും മികച്ച സേവനം അനുഷ്ഠിക്കുന്ന കുവൈത്തി എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ധരും അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും ഹമൂദ് അല്‍ റൗദാന്‍ കൂട്ടിച്ചേര്‍ത്തു. ജലോപയോഗം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
ജലശ്രോതസ്സുകള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കുകയും പാഴാക്കാതെയും മലിനപ്പെടാതെയും സംരക്ഷിക്കുകയും ചെയ്യുകയെന്നത് പ്രധാനമാണ്. ജലോപയോഗത്തിന്റെയും സംരക്ഷണത്തിന്റെയും കാര്യത്തില്‍ വ്യക്തികളും ജാഗ്രത പുലര്‍ത്തണമെന്ന് ഹമൂദ് അല്‍ റൗദാന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല