സ്വന്തം ലേഖകൻ: കുവൈത്തിൽനിന്ന് ആരോഗ്യജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. ഡോക്ടർമാരും നഴ്സുമാരും ടെക്നിക്കൽ ജീവനക്കാരും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് കഴിഞ്ഞമാസങ്ങളിൽ ജോലി രാജിവെച്ചത്. കാനഡ, ന്യൂസിലൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് മികച്ച അവസരങ്ങൾ ലഭിക്കുന്നതുകൊണ്ടാണ് ഭൂരിഭാഗം പേരും കുവൈത്ത് വിടുന്നത്.
നിലവിൽ ജോലിചെയ്യുന്നവരിൽ നല്ലൊരു ശതമാനം പേർ പുതിയ താവളം തേടാൻ അവസരം കാത്തിരിക്കുകയാണ്. ശമ്പള പരിഷ്കരണം നടപ്പാക്കി പിടിച്ചുനിർത്താൻ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നതായാണ് വിവരം. ധാരാളം മലയാളി നഴ്സുമാർ രാജിവെച്ച് പോകുന്നു. യോഗ്യരായ സ്വദേശികളെ ആവശ്യാനുസരണം ലഭിക്കാത്തതിനാൽ സ്വദേശിവത്കരണത്തിൽ ഇളവ് നൽകിയ വകുപ്പുകളിലൊന്നാണ് ആരോഗ്യമന്ത്രാലയം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഠിനാധ്വാനം ചെയ്തവരാണ് ആരോഗ്യജീവനക്കാർ.
ജോലിഭാരവും മാനസിക സമ്മർദവും ഇവരെ തളർത്തിയിട്ടുണ്ട്. ഇടക്കാലത്ത് വാർഷികാവധി മരവിപ്പിക്കുക കൂടി ചെയ്തതോടെ പലരും നിരാശരായി. കോവിഡ് പ്രതിരോധത്തിന് മുൻനിരയിൽനിന്നതിന് ആരോഗ്യജീവനക്കാർക്ക് മന്ത്രാലയം അടുത്തിടെ ബോണസ് നൽകി. 2000 ദീനാർ മുതൽ 5000 ദീനാർ വരെ ലഭിച്ചവരുണ്ട്. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽനിന്ന ആരോഗ്യമന്ത്രാലയത്തിലെയും ആഭ്യന്തരമന്ത്രാലയത്തിലെയും ജീവനക്കാർക്ക് ആറുമാസത്തേക്ക് റേഷൻ നൽകുന്നുണ്ട്.
അരി, പഞ്ചസാര, പരിപ്പ്, പാൽപ്പൊടി, ഭക്ഷ്യഎണ്ണ, ടൊമാറ്റോ പേസ്റ്റ്, ചിക്കൻ എന്നിവയാണ് റേഷൻ കിറ്റിൽ ഉണ്ടാവുക. ഈ പ്രോത്സാഹന നടപടികളൊന്നും രാജിവെച്ച് പോകുന്നവരെ പിടിച്ചുനിർത്താൻ പര്യാപ്തമല്ല. സ്വദേശികളെ പരിശീലനം നൽകി വളർത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങൾ ആരോഗ്യമേഖലയിൽ വേണ്ടത്ര വിജയിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല