1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2011

ബ്രിട്ടനില്‍ ഉന്നത പഠനം മോഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അഭിമുഖീകരിക്കേണ്ട കടമ്പകള്‍ വീണ്ടും ഏറുകയാണ്. ഇന്നലെ ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കിയത് ബ്രിട്ടനില്‍ ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ സ്റുഡന്റ് വീസയ്ക്കൊപ്പം സമര്‍പ്പിക്കുന്ന സഹ.ബാങ്കുകളുടെ രേഖകള്‍ സ്വീകാര്യമല്ലെന്നും ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ രേഖതന്നെ സമര്‍പ്പിക്കണമെന്നുമാണ്. സഹ.ബാങ്കുകളുള്‍പ്പെടെ ഇന്ത്യയിലെ 1900 ബാങ്കുകളുടെ രേഖകള്‍ സ്വീകാര്യമല്ലെന്നു വ്യക്തമാക്കിയ ഇമിഗ്രേഷന്‍വകുപ്പ് രേഖകള്‍ സ്വീകരിക്കുന്ന 85 ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ പേരുവിവരം പ്രസിദ്ധീകരിക്കുകയും ചെയ്തു. ബ്രിട്ടനില്‍ പഠിക്കുവാനാഗ്രഹിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതാണ് പുതിയ നിബന്ധന.

ബഹുരാഷ്ട്രബാങ്കുകളോ ബ്രിട്ടീഷ് ബാങ്കുകളുമായി ഇടപാടുള്ള ദേശീയബാങ്കുകളോ കോര്‍ ബാങ്കിങ് സംവിധാനമുള്ള ദേശീയ-സംസ്ഥാനബാങ്കുകളോ ആവണം ഇനിമുതല്‍ സാക്ഷ്യപത്രം നല്‍കേണ്ടതെന്നാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധന. ഇതോടെ, ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം ബാങ്കുകളും പട്ടികയില്‍നിന്ന് പുറത്തായി. വിദ്യാര്‍ഥികള്‍ക്ക് മതിയായ നിക്ഷേപമുണ്ടോയെന്ന് പരിശോധിക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണ് ബാങ്കുകളുടെ എണ്ണം നിജപ്പെടുത്തുന്നതെന്നാണ് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചത്.

ഷെഡ്യൂള്‍ഡ് ബാങ്കുകളുടേതല്ലാത്ത രേഖകള്‍ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്തമാസം 24മുതല്‍ യാതൊരു കാരണവശാലും വീസ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകാരമില്ലാത്ത ബാങ്കുകളില്‍ സഹകരണബാങ്കുകള്‍, ഷെഡ്യൂള്‍ഡ് അര്‍ബന്‍ സഹകരണബാങ്കുകള്‍, നോണ്‍ ഷെഡ്യൂള്‍ഡ് അര്‍ബന്‍ സഹകരണബാങ്കുകള്‍ എന്നിവയുള്‍പ്പെടുന്നു.

ബ്രിട്ടനില്‍ വിദ്യാഭ്യാസത്തിനായി പോവുന്ന കുട്ടികളുടെ പേരില്‍ പഠനകാലയളവിലെ ചെലവിന് ആവശ്യമായ തുക മുന്‍കൂര്‍നിക്ഷേപിക്കണമെന്ന് വ്യവസ്ഥയുണ്ട്. പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ബ്രിട്ടന്‍ സമാന വീസനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീസചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായി ജോലിചെയ്യുന്നതിനാല്‍ വിദേശവിദ്യാര്‍ഥികള്‍ക്കു വീസ അനുവദിക്കുന്നത് ബ്രിട്ടന്‍ കുറച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ സഹകരണ, അര്‍ബന്‍ സഹകരണബാങ്കുകള്‍ ഇതുസംബന്ധിച്ചു നല്‍കുന്ന സാക്ഷ്യപത്രങ്ങള്‍ അംഗീകരിക്കേണ്ടെന്നു തീരുമാനിച്ച ബ്രിട്ടന്‍ തങ്ങള്‍ക്ക് സ്വീകാര്യമായ 85 ബാങ്കുകളുടെ പട്ടിക ചൊവ്വാഴ്ച പുറത്തിറക്കി.

അതേസമയം ഓസ്‌ട്രേലിയ 15,066 വിദ്യാര്‍ഥി വിസകളാണ് കഴിഞ്ഞ ഒരു കൊല്ലത്തിനിടെ റദ്ദാക്കിയത്. പരീക്ഷയില്‍ പരാജയപ്പെട്ട 3624 വിദ്യാര്‍ഥികളുടെയും പഠനകാലാവധി കഴിഞ്ഞ 2235 വിദ്യാര്‍ഥികളുടേതുമുള്‍പ്പെടെയുള്ള വിസകളാണ് റദ്ദാക്കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനത്തിന്റെ വര്‍ധനയാണിത്. ഓസ്‌ട്രേലിയയിലെ വിദേശവിദ്യാര്‍ഥികളില്‍ ആറില്‍ ഒരാള്‍ ഇന്ത്യയില്‍നിന്നാണ്. മൂന്നരലക്ഷത്തോളം വിദേശവിദ്യാര്‍ഥികളാണ് ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളിലും തൊഴിലധിഷ്ഠിതസ്ഥാപനങ്ങളിലുമായി പഠിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.