സ്വന്തം ലേഖകൻ: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ,യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ നിരക്ക് 81 പൈസ കുറഞ്ഞ് 76.98ൽ എത്തി. യുക്രൈയ്നിൽ യുദ്ധം കൊടുമ്പിരിക്കൊണ്ട സാഹചര്യത്തിലും ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലുമാണു രൂപയുടെ ഇടിവെന്നു നിരീക്ഷകർ പറയുന്നു.
ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ രൂപയുടെ വില ഡോളറൊന്നിന് 76.85 നിരക്കിലാണു വ്യാപാരം ആരംഭിച്ചത്. ഒരു ഘട്ടത്തിൽ വില 76.98 എന്ന നിലവാരത്തിലേക്കു താഴുകയായിരുന്നു. വെള്ളിയാഴ്ച രൂപയുടെ മൂല്യം 23 പൈസ കുറഞ്ഞ് 76.17ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021 ഡിസംബര്‍ 15നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. അതിലാണു തിങ്കളാഴ്ച വീണ്ടും ഇടിവുണ്ടായി റെക്കോർഡ് നിലവാരത്തിലേക്കു താഴ്ന്നത്.
ഈ വർഷം ഏഷ്യൻ രാജ്യങ്ങളിലെ കറൻസികളിൽ ഏറ്റവും മോശമായ പ്രകടനം രൂപയുടേതാണ്. ഈ വർഷം ഇതുവരെ രണ്ടു ശതമാനത്തിലേറെയാണു വിലയിടിവ്. ആർബിഐയുടെ പിന്തുണയിൽ ബാങ്കുകൾ കനത്ത തോതിൽ ഡോളർ വിറ്റഴിച്ചു രൂപയുടെ മൂല്യം സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലിക്കുന്നില്ല.
റഷ്യ– യുക്രൈയ്ൻ യുദ്ധത്തിന്റെ പ്രത്യാഘാതമെന്ന നിലയിൽ അസംസ്കൃത എണ്ണ വില കത്തിക്കയറുന്നതു രൂപയുടെ മൂല്യത്തകർച്ചയെ റെക്കോർഡ് നിലവാരത്തിൽ എത്തിച്ചേക്കുമെന്നാണു വിലയിരുത്തൽ. ഓഹരി വിപണിയിലെ തകര്‍ച്ചയും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യംവിടുന്നതും രൂപയുടെ മൂല്യമിടിവിന് ആക്കംകൂട്ടി. മാര്‍ച്ചില്‍ ഇതുവരെ 16,800 കോടി രൂപയുടെ ഓഹരികളാണു വിറ്റൊഴിഞ്ഞത്.
അതേസമയം രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ നേട്ടം കൊയ്യുന്നത് തുടരുന്നു. ഡോളറിന് 76.94 എന്ന നിലയിലാണ് നിലവില്‍ രൂപയുടെ മൂല്യം. വിനിമയ മൂല്യത്തില്‍ വന്ന വര്‍ധന പ്രവാസികള്‍ക്ക് ഗുണകരമായി. യുഎ.ഇ ദിര്‍ഹത്തിന് 20 രൂപ 97 പൈസയെന്ന റെക്കാര്‍ഡ് നിരക്കിലാണ് ഇന്ന് വിനിമയം നടന്നത്.
സൗദി റിയാല്‍: 20.51, കുവൈത്ത് ദിനാര്‍: 253.18, ഖത്തര്‍ റിയാല്‍:21.13, ഒമാന്‍ റിയാല്‍: 200.11, ബഹ്‌റൈന്‍ ദിനാര്‍: 204.63 എന്നിങ്ങനെയാണ് മറ്റു ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കുകള്‍. നാട്ടിലേക്ക് പണമയക്കുന്നതില്‍ ഗണ്യമായ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക പണമിടപാട് സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല