സ്വന്തം ലേഖകൻ: അൽഐൻ -കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് സർവിസ് മാർച്ച് 27 മുതൽ ആഴ്ചയിൽ രണ്ട് ദിവസമാക്കുന്നു. വ്യാഴം, ഞായർ ദിവസങ്ങളിലാണ് സർവിസ് ഉണ്ടാവുക. ഇത് അൽഐനിലുള്ള മലബാറിലെ പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമാകും. ഞായറാഴ്ച വാരാന്ത്യ അവധിദിവസമായതിനാൽ അവധിക്ക് പോകുന്നവർക്ക് തിരികെയെത്തി തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കാനും ഉപകാരപ്പെടും.
നേരത്തെ ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ ഉണ്ടായിരുന്ന സർവിസ് കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെക്കുകയും പിന്നീട് വ്യാഴാഴ്ചകളിൽ മാത്രം സർവിസ് ആരംഭിക്കുകയുമായിരുന്നു. അതാണ് മാർച്ച് 27 മുതൽ ആഴ്ചയിൽ രണ്ട് ദിവസമാക്കുന്നത്. വ്യാഴാഴ്ചകളിൽ ഉച്ച 1.25ന് അൽഐനിൽനിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം വൈകീട്ട് 6.45നാണ് വിമാനം കോഴിക്കോട് എത്തുക. ഞായറാഴ്ചകളിൽ ഉച്ച 2.20ന് അൽഐനിൽനിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം വൈകീട്ട് 7.45നാണ് ഈ കോഴിക്കോട് എത്തിച്ചേരുക.
കോഴിക്കോടുനിന്നും വ്യാഴാഴ്ചകളിൽ രാവിലെ 10നും ഞായറാഴ്ചകളിൽ രാവിലെ 10.40നും പുറപ്പെട്ട് യഥാക്രമം ഉച്ച 12.25നും 1.05നും അൽഐനിൽ എത്തും. മാർച്ചിൽ അൽഐനിൽനിന്ന് കോഴിക്കോട്ടേക്ക് 320 ദിർഹമാണ് ഏറ്റവും കുറഞ്ഞനിരക്ക്. എയർഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് മുഖേനയോ ട്രാവൽസ് ഏജൻസികൾ മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല