![](https://www.nrimalayalee.com/wp-content/uploads/2021/07/Afghanistan-Taliban-Pak-Terrorists-Aid-.jpg)
സ്വന്തം ലേഖകൻ: മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസന്‍ഭീകര സംഘടനയുടെ മുഖപത്രം. ചാവേര്‍ അക്രമണത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അല്‍ ഹിന്ദി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഖൊറാസന്‍ മുഖപത്രം ‘വോയിസ് ഓഫ് ഖൊറാസന്‍’ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നുള്ള 23 -കാരനായ എംടെക് വിദ്യാര്‍ത്ഥിയാണ് നജീബ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം നജീബിനെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ വ്യക്തമല്ല. എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തിയതെന്നും പാകിസ്താന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തില്‍ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിട്ടുണ്ട്.
അഫ്ഗാനില്‍ വച്ച് മറ്റ് ഭീകരരുമായി പരിചയപ്പെട്ട നജീബ് ഗസ്റ്റ് റൂമില്‍ ഏകനായി താമസിച്ചിരുന്നു. മലനിരകളിലെ ജീവിതത്തിനിടെ നേരിട്ട ബുദ്ധിമുട്ടുകളെ സംബന്ധിച്ച് പരാതിപ്പെട്ടില്ല. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പാകിസ്ഥാന്‍കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വിവാഹ ദിവസം ഐഎസ് ഭീകരര്‍ക്ക് നേരെ ആക്രമണം ഉണ്ടായി. തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ നജീബ് തീരുമാനിച്ചതായി ഐഎസ് ഖൊറാസന്‍ മുഖപത്രം അവകാശപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല