![](https://www.nrimalayalee.com/wp-content/uploads/2022/03/Kerala-Summer-Heat-Warning-.jpg)
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ചൂട് കൂടുക.
വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്ത് വേനലിന്‍റെ കാഠിന്യം കൂടിവരികയാണ്. പകൽ സമയത്ത് പുറത്ത് ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. അതിനാൽ പലയിടത്തും തൊഴിൽ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
മാർച്ച് ആദ്യവാരം പിന്നിട്ടതോടെ നാട് ചുട്ടു പൊള്ളാൻ തുടങ്ങി. ഇന്നലെ കോഴിക്കോട് നഗരത്തിൽ രേഖപ്പെടുത്തിയ ചൂട് 36 ഡിഗ്രി സെൽഷ്യസാണ്. മുൻ വർഷങ്ങളിൽ ഈ ദിവസങ്ങളിൽ 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിരുന്നത്. ചൂട് ശക്തമായതോടെ വലഞ്ഞിരിക്കുന്നത് ചുമട്ടു തൊഴിലാളികളും കെട്ടിട നിർമാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളുമാണ്.
ചൂട് ശക്തമായതോടെ പഴ വർഗങ്ങളുടെ വിൽപനയും വർധിച്ചിട്ടുണ്ട്. എയർ കണ്ടീഷണറുകളുടെയും കൂളറുകളുടെയും വിൽപനയും കൂടിയിട്ടുണ്ട്. സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിൽ ഇവയുടെ വിൽപന വർധിക്കുന്നത്. എസിക്കും കൂളറിനുമെല്ലാം പ്രത്യേകം വിലക്കിഴിവുകളും ഇഎംഐ പദ്ധതികളും കടകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല