1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2022

സ്വന്തം ലേഖകൻ: പ്രവാസി നിക്ഷേപകര്‍ക്ക് ഇപ്പോള്‍ ഒമാനില്‍ ഒരു കോടി രൂപ വരെ (500,000 റിയാല്‍) വിലമതിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാം. ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖല്‍ഫാന്‍ ബിന്‍ സയീദ് അല്‍ ഷുവൈലിയാണ് മന്ത്രിതല തീരുമാനം അറിയിച്ചത്. 500,000- 250,000 ഒമാന്‍ റിയാലിനും ഇടയില്‍ വിലയുള്ള ഭവന യൂണിറ്റുകള്‍ വാങ്ങുന്ന പ്രവാസി നിക്ഷേപകര്‍ക്ക് ഒരു ഫസ്റ്റ് ക്ലാസ് റസിഡന്‍സ് കാര്‍ഡും 250,000 റിയാലിന് താഴെ വിലയുള്ള വീട് സ്വന്തമാക്കുന്നവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് രജിസ്ട്രി സെക്രട്ടേറിയറ്റില്‍ നിന്ന് രണ്ടാം ക്ലാസ് റസിഡന്‍സ് കാര്‍ഡും ലഭിക്കും.

മാര്‍ച്ച് 9 നാണ് ഒമാന്‍ ഹൗസിംഗ് ആന്റ് അര്‍ബന്‍ പ്ലാനിങ് വകുപ്പ് ഈ അറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്തെ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്‌സുകള്‍ക്ക് പുറത്ത് വിദേശികള്‍ക്ക് ഇത്തരത്തില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് ഈ തീരുമാനത്തിന് സാധിക്കും. രാജ്യത്തെ സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പ് ത്വരിതപ്പെടുത്താനും റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഈ തീരുമാനം ഒമാനിലെ റിയല്‍ എസ്റ്റേറ്റ് വികസന മേഖലയില്‍ വലിയ പുരോഗതി കൊണ്ടുവരുമെന്നും ഈ മേഖലയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുമെന്നും അധികൃതര്‍ പറയുന്നു.

ഫസ്റ്റ് ക്ലാസ് റെസിഡന്‍സി കാര്‍ഡ് നേടുന്ന വിദേശികള്‍ക്ക് പാര്‍പ്പിട ആവശ്യത്തിനുള്ളതും വാണിജ്യ, വ്യവസായിക ആവശ്യത്തിനുള്ളതുമായ ഇടങ്ങള്‍ സ്വന്തമാക്കാവുന്നതാണ്. സെക്കന്റ് ക്ലാസ് റെസിഡന്‍സി കാര്‍ഡ് പാര്‍പ്പിട ആവശ്യത്തിനുള്ള ഇടങ്ങള്‍ സ്വന്തമാക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിദേശികള്‍ക്ക് മുസന്ദം, ബുറൈമി, ദഹിറാഹ്, വുസ്ത ഗവര്‍ണറേറ്റുകളില്‍ റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല.

ദോഫാര്‍ മേഖലയില്‍ സലാല വിലായത് ഒഴികെയുള്ള ഇടങ്ങളിലും ഈ അനുമതിയില്ല. ലിവ, ഷിനാസ്, മാസിറാഹ് എന്നീ വിലായത്തുകള്‍, ജബല്‍ അല്‍ അഖ്ദാര്‍, അല്‍ ജബല്‍ ഷംസ് തുടങ്ങിയ മലനിരകള്‍, സുരക്ഷാ, സൈനിക കാരണങ്ങളാല്‍ പ്രാധാന്യമുള്ള മറ്റിടങ്ങള്‍, പുരാവസ്തു പ്രധാന്യമുള്ള ഇടങ്ങള്‍ എന്നിവിടങ്ങളിലംു വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.