സ്വന്തം ലേഖകൻ: നാട്ടിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് യുക്രൈൻ സൈന്യത്തിൽ ചേർന്ന കോയമ്പത്തൂർ സ്വദേശി സായ് നികേഷ്. അമ്മയോടാണ് നാട്ടിലേക്ക് മടങ്ങാൻ തയ്യാറാണെന്ന കാര്യം സായ് അറിയിച്ചത്.യുക്രൈനിലെ അർധസൈനിക വിഭാഗത്തിലാണ് സായ് ചേർന്നത്. 2018ലായിരുന്നു ഉപരിപഠനത്തിനായി സായ് നികേഷ് യുക്രൈനിലെത്തിയത്.
കാർക്കീവിലെ നാഷണൽ ഏറോസ്‌പേസ് യൂണിവേഴ്‌സിറ്റിയിലായിരുന്നു സൈനികേഷ് ചേർന്നത്. 2022 ജൂലൈയിൽ കോഴ്‌സ് പൂർത്തിയാക്കാനിരിക്കേയാണ് യുദ്ധം തുടങ്ങിയത്. റഷ്യയ്‌ക്കെതിരെ പൊരുതാൻ വിദേശികളെ അടക്കം യുക്രൈൻ ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് സൈന്യത്തിൽ ചേർന്നതു സംബന്ധിച്ച വാർത്ത പുറത്തു വരുന്നത്.
അതേസമയം, യുദ്ധം തുടങ്ങിയതിനു ശേഷം കുടുംബത്തിന് നികേഷുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇയാളുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നു.
സായ് നികേഷ് റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രൈനിയൻ അർധസൈനിക വിഭാഗത്തിൽ ചേർന്നതായി എംബസി ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തിരുന്നു.ഇദ്ദേഹം യുക്രൈൻ സൈന്യത്തിൽ സന്നദ്ധസേവനത്തിനായി ചേർന്ന വിവരം കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് ഏജൻസികളും സ്ഥിരീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല