സ്വന്തം ലേഖകൻ: സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നതിലൂടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി മെട്രാഷ്- 2 ആപ്പില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പുതുതായി ആറ് സേവനങ്ങളാണ് മെട്രാഷ്- 2 ആപ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്. വിസ സേവനങ്ങള്‍ക്കു പുറമെ, റിക്രൂട്ട്മെന്റ് ആപ്ലിക്കേഷന്‍ റിവ്യൂ കമ്മിറ്റിയുടെ സേവനങ്ങള്‍, കമ്പനികളുടെ രജിസ്ട്രേഷന്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
ബിസിനസ്മെന്‍ വിസ, ഒഫീഷ്യല്‍ വിസ, ടൂറിസ്റ്റ് എന്നിവയുടെ കാലാവധി നിബന്ധനകള്‍ക്കു വിധേയമായി നീട്ടുന്നതിനുള്ള സൗകര്യമാണ് മെട്രാഷ് ആപ്പില്‍ പുതുതായി ചേര്‍ത്തിരിക്കുന്ന സേവനങ്ങളിലൊന്ന്. ആപ്പിലെ വിസ സര്‍വീസ് മെനുവിലാണ് ഈ സേവനം ലഭിക്കുക. പ്രത്യേക സാഹചര്യങ്ങളില്‍ ഈ വിസകളുടെ കാലാവധി നീട്ടുന്നിതിനുള്ള അപേക്ഷ ആപ്പ് വഴി സമര്‍പ്പിക്കാനാകും. ഇതിനുള്ള സാഹചര്യവും ആവശ്യമായ രേഖകളും ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ അപേക്ഷ ഓണ്‍ലൈനായി വിലയിരുത്തിയ ശേഷം വിസ എസ്‌ക്റ്റെന്‍ഷന്‍ അനുവദിക്കും.
വിസ ഉടമകള്‍ക്ക് തങ്ങളുടെ നിലവിലെ തൊഴിലുടമയെ മാറ്റാനുള്ള സൗകര്യവും ഇനി മുതല്‍ മെട്രാഷ്- 2 ആപ്പില്‍ ലഭിക്കും. ഇതിനുള്ള അപേക്ഷ നല്‍കാനുള്ള സൗകര്യമാണ് ആപ്പില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. തൊഴില്‍ വിസയില്‍ രാജ്യത്തിനകത്തുള്ള വിസ ഹോള്‍ഡര്‍ക്കാണ് ഇതിനുള്ള സൗകര്യം ലഭിക്കുക. നിലവിലെ തൊഴിലുടമയുടെ നിരാക്ഷേപ പത്രം ഇതിനായി ആപ്പില്‍ അപ്ലോഡ് ചെയ്യണം. മറ്റ് നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തീകരിക്കുന്നതോടെ നിലവിലെ തൊഴിലുടമയില്‍ നിന്ന് പുതിയ തൊഴിലുടമയിലേക്ക് തൊഴില്‍ വിസ മാറ്റുവാന്‍ സാധിക്കും. ഈ സേവനവും വിസ സര്‍വീസ് മെനുവിലാണ് ലഭിക്കുക.
മെട്രാഷ്-2 ആപ്പിലെ റെസിഡന്‍സി സര്‍വീസ് വിന്‍ഡോ വഴി ഫാമിലി വിസയിലെ സ്പോണ്‍സറെ മാറ്റാനും ഇനി മുതല്‍ അവസരം ലഭിക്കും. റെസിഡന്‍സി സര്‍വീസ് വിന്‍ഡോയിലെ ‘എംപ്ലോയര്‍ ചെയ്ഞ്ച്- ഫാമിലി റിലേഷന്‍ഷിപ്പ്’ എന്ന മെനുവാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. നിലവിലെ കുടുംബ സ്പോണ്‍സറില്‍ നിന്ന് മറ്റൊരാളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ഫാമിലി വിസയിലുള്ളവര്‍ക്ക് ഇതിലൂടെ സാധിക്കും. പുതിയ സ്പോണ്‍സറാണ് ഇതിനുള്ള അപേക്ഷ നല്‍കുകയും ആവശ്യമായ രേകഖകള്‍ സമര്‍പ്പിക്കുകയും ചെയ്യേണ്ടത്.
നവജാത ശിശുക്കള്‍ക്ക് വിസ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും മെട്രാഷ്- 2 ആപ്പില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്. ഫാമിലി വിസിറ്റ് വിസയില്‍ രാജ്യത്ത് വന്ന അമ്മമാരുടെ മക്കള്‍ക്കാണ് ഈ സേവനം ലഭിക്കുക. ഫാമിലി വിസിറ്റ് വിസയിലായിരിക്കെ രാജ്യത്ത് വച്ച് പിറന്ന കുഞ്ഞുങ്ങള്‍ക്ക് ഇതുവഴി വിസ എടുക്കാന്‍ സാധിക്കും. അമ്മയുടെ സ്പോണ്‍സറാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. അമ്മയ്ക്ക് ലഭിച്ച അതേ രീതിയിലുള്ള വിസ തന്നെയാവും നവജാത ശിശുവിനും ലഭിക്കുക.
മെട്രാഷ്-2 ആപ്പില്‍ പുതുതായി ഏര്‍പ്പെടുത്തിയ സേവനങ്ങളില്‍ മറ്റൊന്ന് എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷനാണ്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷന്‍ വഴി കംപ്യൂട്ടര്‍ കാര്‍ഡ് സ്വന്തമാക്കാന്‍ ഇതിലൂടെ സാധിക്കും. ആപ്പിലെ ജനറല്‍ സര്‍വീസ് വിന്‍ഡോയിലാണ് ഇതിനുള്ള സൗകര്യം ലഭിക്കുക.
വ്യക്തിഗത എംപ്ലോയറെയും സമാന സ്റ്റാറ്റസിലുള്ളവരെയും മാറ്റുന്നതിനുള്ള അപേക്ഷയും മെട്രാഷ് ആപ്പിലൂടെ നല്‍കാം. ഫിഷിംഗ് ബോട്ടുകള്‍, ഫാമുകള്‍ എന്നിവയുടെ ഉടമകള്‍ക്ക് ഇത് സൗകര്യപ്രദമാവും. പുതിയ ഉടമയാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. ആവശ്യമായ രേഖകള്‍ സഹിതം ലഭിക്കുന്ന അപേക്ഷകള്‍ അവലോകന കമ്മിറ്റി പരിഗണിക്കും. കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാനുള്ള അവസരവും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല