1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2022

സ്വന്തം ലേഖകൻ: രണ്ടര ലക്ഷം രൂപക്ക് പൗരത്വം വാഗ്ദാനം ചെയ്ത് കരീബിയനിലെ പുതിയ ദ്വീപ് രാജ്യം കോഫീ കേ! കരീബിയന്‍ രാജ്യമായ ബലീസില്‍ നിന്ന് 15 മിനുട്ട് സമയം ബോട്ടില്‍ യാത്ര ചെയ്ത് എത്താവുന്ന ഈ ദ്വീപാണ് ലോകത്തിലെ ഏറ്റവും പുതിയ ‘മൈക്രോ നേഷന്‍’.

സ്വന്തം ഭരണഘടനയും ദേശീയ പതാകയും ദേശീയഗാനവും പാസ്‌പോര്‍ട്ടും കോഫീ ബീന്‍സിന്റെ രൂപത്തിലുള്ള ഈ ദ്വീപിനുണ്ട്. ക്രൗഡ് ഫണ്ടിങ് വഴി ‘ലെറ്റ്‌സ് ബയ് ഏന്‍ ഐലന്‍ഡ്’ എന്ന ഗ്രൂപ്പാണ് 1.2 ഏക്കര്‍ വലുപ്പമുള്ള ദ്വീപ് സ്വന്തമാക്കിയത്. ഇതുവരെ 96 പേരാണ് ദ്വീപ് വാങ്ങാന്‍ പണം മുടക്കിയിരിക്കുന്നത്.

249 പൗരന്‍മാരാണ് നിലവില്‍ ഈ രാജ്യത്തുള്ളത്. സമീപഭാവിയില്‍ 5000 പേര്‍ക്ക് പൗരത്വം നല്‍കും. ലോകത്തിലെ ആദ്യ ക്രൗഡ് ഫണ്ടഡ് സ്വകാര്യ ദ്വീപാണിതെന്നാണ് ഗ്രൂപ്പ് അവകാശപ്പെടുന്നത്. ക്രൗഡ് ഫണ്ടിങ് വഴി ശേഖരിച്ച പണം നല്‍കി ദ്വീപ് വാങ്ങുക മാത്രമല്ല, ഒരു രാജ്യം നിര്‍മിക്കുക കൂടിയാണ് കോഫി കേയില്‍ നടക്കുന്നതെന്ന് യു.എസ് മാധ്യമമായ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘പ്രിന്‍സിപ്പാലിറ്റി ഓഫ് ഐലന്‍ഡിയ’ എന്നാണ് ദ്വീപിന്റെ പുതിയ ഔദ്യോഗിക നാമം.

2018ലാണ് ലോകത്ത് എവിടെയെങ്കിലും ദ്വീപ് വാങ്ങി സ്വന്തം രാജ്യം നിര്‍മിക്കണമെന്ന് തീരുമാനിച്ചതെന്ന് ‘ലെറ്റ്‌സ് ബയ് ഏന്‍ ഐലന്‍ഡിന്റെ സ്ഥാപകരിലൊരാളായ മാര്‍ഷല്‍ മേയര്‍ പറഞ്ഞു. ”ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ഒരു ദ്വീപ് വിറ്റുവെന്ന വാര്‍ത്തയാണ് പ്രചോദനമായത്. യങ് പയനിയര്‍ ടൂര്‍സ് എന്ന കമ്പനിയുടെ സ്ഥാപകനായ ഗരെത്ത് ജോണ്‍സണ്‍ 2018ല്‍ വെബ്‌സൈറ്റ് സ്ഥാപിച്ചു. 2019ഓടെ 19 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു.”–മാര്‍ഷല്‍ മേയര്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശങ്ങള്‍ എന്നറിയപ്പെടുന്ന വടക്കന്‍ കൊറിയ, സിറിയ, ട്രാന്‍സ്‌നിസ്ട്രിയ, അബ്ഖാസിയ, നഗോണോ-കരാബാക് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോവുന്ന കമ്പനിയാണ് യങ് പയനിയര്‍ ടൂര്‍സ്. ഒരു ടൂറിന് ഇടയിലാണ് ഗരെത്ത് ജോണ്‍സനെ മാര്‍ഷല്‍ മേയര്‍ പരിചയപ്പെട്ടത്.

”2018ലാണ് ജോണ്‍സണ്‍ എന്നോട് ഈ നവീന ആശയം പങ്കുവെച്ചത്. അതൊരിക്കലും നടക്കില്ലെന്നാണ് ഞാന്‍ അപ്പോള്‍ കരുതിയത്.
പിന്നീട് ഫിലിപ്പൈന്‍സിലെയും അയര്‍ലാന്‍ഡിലെയും മലേഷ്യയിലെയും ദ്വീപുകളുടെ വില്‍പ്പന പരിശോധിച്ചു. അങ്ങനെയാണ് കോഫീ കേ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ബ്രസീലിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് കോഫി കേ ശുപാര്‍ശ ചെയ്തത്.”

രണ്ടര ലക്ഷം രൂപ മുടക്കുന്നവര്‍ക്ക് ദ്വീപിന്റെ ഉടമസ്ഥതയില്‍ പങ്കാളിത്തം ലഭിക്കുമെന്നാണ് മാര്‍ഷല്‍ മേയര്‍ പറയുന്നത്. ദ്വീപിന്റെ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇത് സഹായിക്കും. 25 ലോകരാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിലവില്‍ ഷെയറുകള്‍ എടുത്തിട്ടുണ്ട്. പണം വാങ്ങി പൗരത്വം നല്‍കാനും പുതിയ രാജ്യം തീരുമാനിച്ചിട്ടുണ്ട്. പൗരത്വം എടുക്കാതെ തന്നെ ലോര്‍ഡ്, ലേഡി തുടങ്ങിയ പദവികള്‍ നല്‍കാനും തീരുമാനമുണ്ട്. സ്ഥാനപ്പേരുകള്‍ ലഭിക്കാന്‍ ചെറിയ ഫീസ് നല്‍കിയാല്‍ മതിയാവും.

”നിങ്ങളുടെ സ്വന്തം ദ്വീപില്‍ കാലുകുത്തുന്നതിലും മനോഹരമായ അനുഭവമില്ലെന്നു തന്നെ പറയാം.”–മാര്‍ഷല്‍ മേയര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടന്‍ നിര്‍മിച്ച പ്രിന്‍സിപ്പാലിറ്റി ഓഫ് സീ ലാന്‍ഡ് എന്ന ദ്വീപ് 1967ല്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയിരുന്നു. ഇതാണ് പ്രിന്‍സിപ്പാലിറ്റി ഓഫ് ഐലന്‍ഡിയ എന്ന പേരിന് കാരണമായത്. ” സ്വന്തമായി ഒരു രാജ്യം വേണമെന്നും രാജ്യം നിര്‍മിക്കണമെന്നും ആഗ്രഹമുള്ളവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.”–ഗരെത്ത് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ദ്വീപിലെ രഹസ്യ പൊലീസിന്റെ തലവനാണ് താനെന്നും ജോണ്‍സണ്‍ വെറുതെ പറയുന്നുണ്ട്.

ലോകത്ത് നിലവില്‍ 87 മൈക്രോ നേഷനുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പരീക്ഷണത്തിന്റെ ഭാഗമായും പ്രതിഷേധത്തിന്റെ ഭാഗമായും കലാപരമായ പരീക്ഷണത്തിന്റെ ഭാഗമായുമാണ് ഇവയെല്ലാം രൂപീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.