1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2022

സ്വന്തം ലേഖകൻ: റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ചാനലില്‍ തത്സമയ വാര്‍ത്താപരിപാടിക്കിടെ യുവതിയുടെ യുദ്ധവിരുദ്ധ പ്രതിഷേധം. ചാനല്‍ വണ്‍ എന്ന വാര്‍ത്താ ചാനലില്‍ സായാഹ്ന വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനിടെയാണ് യുദ്ധവിരുദ്ധ പോസ്റ്ററുമായി അവതാരകയുടെ പിന്നില്‍ യുവതി പ്രത്യക്ഷപ്പെട്ടത്.

‘യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തൂ, കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്, അവര്‍ നിങ്ങളോട് കള്ളം പറയുകയാണ്’, എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്.

ചാനലിലെ ജീവനക്കാരികൂടിയായ മറീന ഒവ്‌സ്യനികോവ എന്ന യുവതിയാണ് ചാനലിലൂടെ പ്രതിഷേധം നടത്തിയത്. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക്‌ സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങളുണ്ട്. റഷ്യന്‍ അനുകൂല വാര്‍ത്തകള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്യാന്‍ അനുമതിയുള്ളത്.

പ്രതിഷേധം നടത്തിയ മറീന ഒവ്‌സ്യനികോവയെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ 15 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് ചുമത്തിയിട്ടുള്ളത്.

അപ്രതീക്ഷിതമായിട്ടായിരുന്നു തത്സമയ വാര്‍ത്താ വായനക്കിടെ സ്റ്റുഡിയോയിലേക്ക് കയറി ഒവ്‌സ്യനികോവ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്. യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തൂവെന്ന് അവര്‍ വിളിച്ച് പറയുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രതിഷേധം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട് അല്‍പസമയത്തിനകം തന്നെ ചാനല്‍ അധികൃതര്‍ സ്റ്റുഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കട്ട് ചെയ്തു. മറ്റൊരു വാര്‍ത്ത ലൈവാക്കി മാറ്റുകയും ചെയ്തു.

പ്രതിഷേധത്തിന് മുമ്പായി ഒവ്‌സ്യനികോവ ഒരു വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്നു. യുക്രൈനില്‍ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നും വര്‍ഷങ്ങളായി ചാനലിന്റെ ഭാഗമായി റഷ്യന്‍ കുപ്രചരണങ്ങള്‍ പ്രചരിപ്പിച്ചതില്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്നും അവര്‍ ഈ വീഡിയോയില്‍ പറയുന്നു. തന്റെ പിതാവ് യുക്രൈനിയനും അമ്മ റഷ്യക്കാരിയുമാണെന്നും ഇതില്‍ ഒവ്‌സ്യനികോവ പറയുന്നുണ്ട്. യുദ്ധ വിരുദ്ധ പ്രതിഷേധം നടത്തിയതിന് റഷ്യയില്‍ ഇതിനോടകം ആയിരണകണക്കിന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

റഷ്യയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ചാനലിൽ യുദ്ധവിരുദ്ധ പോസ്റ്ററുമായി വാർത്താ വായന തടസപ്പെടുത്തിയ യുവതിക്ക് യുക്രൈൻ പ്രസിഡന്‍റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്‌​കി നന്ദി പറഞ്ഞു. സത്യം ലോകത്തെ അറിയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാ റഷ്യക്കാരോടും ചാനൽ പരിപാടിയെ യുദ്ധവിരുദ്ധ പോസ്റ്റർ ഉപയോഗിച്ച് തടസപ്പെടുത്തിയ യുവതിയോടും വ്യക്തിപരമായി നന്ദിയുള്ളവനാണ് താനെന്ന് സെലൻസി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.