നിങ്ങള്‍ കുഴിമടിയനാണോ? ജോലി ചെയ്യുന്നത് ബ്രിട്ടണിലാണോ? ഇതിന് രണ്ടിനും അതേ എന്നാണ് ഉത്തരമെങ്കില്‍ സൂക്ഷിക്കണം. ചോദ്യവും പറച്ചിലുമില്ലാതെ നിങ്ങളെ പിരിച്ചുവിടാനുള്ള നിയമത്തിന്റെ പണിപ്പുരയിലാണ് സര്‍ക്കാര്‍. കുഴിമടിയന്മാരെ സ്ഥാപനങ്ങള്‍ക്ക് വിശദീകരണംപോലും ചോദിക്കാതെ പിരിച്ചുവിടാനുള്ള സ്വതന്ത്ര്യമാണ് സര്‍ക്കാര്‍ നല്കാന് പോകുന്നത്. ഡൗണിംങ് സ്ട്രീറ്റില്‍നിന്ന് ചോര്‍ന്ന രേഖകളിലാണ് ഇതുസംബന്ധിച്ച സൂചനകളുള്ളത്.
സാമ്പത്തികമാന്ദ്യം, രൂക്ഷമായ തൊഴിലില്ലായ്മ എന്നിവ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നിയമം വരാന്‍ പോകുന്നത്. ഓരോ കമ്പനിയിലും കാര്യമായ പണിയൊന്നും ചെയ്യാത്ത നൂറുകണക്കിന് തൊഴിലാളികള്‍ ഉണ്ടെന്നാണ് കമ്പനിയുടമകള്‍ പറയുന്നത്. ഇവരെ പിരിച്ചുവിടാന്‍ ഇപ്പോഴത്തെ തൊഴില്‍ നിമയങ്ങള്‍ അനുവദിക്കുന്നില്ല. പുതിയ നിയമം വരുന്നതോടെ ഇത്തരത്തിലുള്ള തൊഴിലാളികളെ പിരിച്ചുവിടാന്‍ സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് സാധിക്കും.
തൊഴില്‍ സംഘടനകളുടെ കടുത്ത എതിര്‍പ്പ് ഉണ്ടാകുമെന്ന് കരുതപ്പെടുന്ന ഈ നിയമം താമസിയാതെ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴത്തെ തൊഴില്‍ നിയമത്തിലെ കര്‍ശനമായ നിര്ദ്ദേശങ്ങള്മൂലം ജോലിയില്‍ വീഴ്ച കാണിക്കുന്ന ജോലിക്കാരെ പിരിച്ചുവിടാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ നിയമത്തില്‍ കാര്യമായ മാറ്റം വേണമെന്ന് ബ്രിട്ടണിലെ പല വലിയ സ്ഥാപനങ്ങളും കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനെത്തുടര്‍ന്നാണ് തൊഴില്‍ നിയമത്തില്‍ മാറ്റംവരുത്താമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ നിയമം എന്നാണ് നടപ്പിലാക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും നടപ്പിലാക്കിയാല്‍ ബ്രിട്ടണ് മുന്‍പൊന്നും കാണാത്ത സമരങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല