സ്വന്തം ലേഖകൻ: സൗദിയിലെ തൊഴില്‍ പരിഷ്കാരങ്ങള്‍ പ്രവാസികള്‍ക്ക് ഗുണം ചെയ്തതായി റിപ്പോര്‍ട്ട്. 65,000 ത്തിലധികം പ്രവാസികള്‍ക്കാണ് ഗുണം ചെയ്തത്. സൗദി മാനവ വിഭവശേഷിയും സാമൂഹിക വികസന മന്ത്രാലയവുംം ചേര്‍ന്ന് രാജ്യത്ത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൊഴില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയത്.
‘ഇംപ്രൂവിങ് കോണ്‍ട്രാക്ച്വല്‍ റിലേഷന്‍ഷിപ്പ്’ എന്ന പേരില്‍ തുടങ്ങിയ സംരംഭത്തില്‍ 65,000 ത്തിലധികം വിദേശികള്‍ക്കാണ് പ്രയോജനം ചെയ്തത്. തൊഴില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കി ഒരു വര്‍ഷത്തിനുള്ളിലാണ് ഇത്രയധികം പ്രവാസികള്‍ക്ക് സംരംഭം പ്രയോജനം ചെയ്തത്.
10 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 93 ശതമാനം പുരുഷന്മാര്ക്കാണ് തൊഴില്‍ പരിഷ്കാരങ്ങള്‍ ഗുണം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫങ്ഷണല്‍ മൊബിലിറ്റി സര്‍വീസസ് കാരണം 65 ശതമാനത്തോളം ഗുണഭോക്താക്കളായ പ്രവാസികളുടെ ശമ്പളം വര്‍ധിച്ചു. കൂടാതെ, രാജ്യത്തെ എല്ലാ മേഖലകളില്‍ നിന്നുമുള്ള 30,000 ത്തിലധികം വാണിജ്യ സംരംഭങ്ങള്‍ക്ക് ഇതിലൂടെ ഗുണം ചെയ്തു.
രാജ്യത്തെ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളെ സംരക്ഷിക്കുകയും ജീവനക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്തെന്ന് ചൊവ്വാഴ്ച സിന്‍ഹുവയ്ക്ക് അയച്ച മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇതിലൂടെ 30,000 ലധികം സംരംഭങ്ങള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
പുതിയ നിയമത്തിലൂടെ തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞാല്‍ വിദേശ തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി ജോലി ഉപേക്ഷിക്കാന്‍ സാധിച്ചു. മാത്രമല്ല. ഒരു വര്‍ഷത്തോളം സൗദിയില്‍ ആയിരിക്കുകയും 90 ദിവസം മുമ്പ് തൊഴിലുടമകളെ അറിയിക്കുകയും ചെയ്താല്‍ അവരുടെ കരാര്‍ കാലഹരണപ്പെട്ടാലും ഇല്ലെങ്കിലും ജോലി മാറാന്‍ അവര്‍ക്ക് അനുവാദമുണ്ട്. പുതിയ പരിഷ്കാരം സൗദി തൊഴില്‍ വിപണിയിലെ മത്സരം ആളിക്കത്തിച്ചതായും മനുഷ്യക്കടത്ത് തടയാന്‍ സഹായിച്ചതായും മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല