1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2022

സ്വന്തം ലേഖകൻ: തന്റെ സ്വകാര്യ വിമാനത്തിന്റെ ഓരോ ചലനവും പ്രസിദ്ധീകരിക്കുന്ന ട്വിറ്റർ അക്കൗണ്ട് പൂട്ടിക്കാൻ സാക്ഷാൽ സ്പേസ്എക്സ് സ്ഥാപകൻ ഇലോൺ മസ്ക് ഒരു 19 വയസ്സുകാരന് ഓഫർ ചെയ്തത് 5000 ഡോളറാണ് (3.8 ലക്ഷം രൂപയോളം). യുഎസ് സ്വദേശിയായ ജാക് സ്വീനിയെന്ന കോളജ് വിദ്യാർഥിയെയാണ് മസ്ക് നേരിട്ടു ബന്ധപ്പെട്ടത്. എന്നാൽ ഈ ഡീൽ നടന്നില്ലെന്നു മാത്രമല്ല, സംഭാഷണത്തിനു ശേഷം ജാക്കിനെ ഇലോൺ മസ്ക് ട്വിറ്ററിൽ ബ്ലോക്കും ചെയ്തു. 5000 ഡോളർ ചെറിയ ഓഫർ ആണെന്നും തനിക്ക് 50,000 ഡോളർ വേണമെന്നുമാണ് ജാക് ആവശ്യപ്പെട്ടത്. പിന്നീട് ഈ ആവശ്യം സ്പേസ്എക്സിലോ ടെസ്‍ലയിലോ ഒരു ഇന്റേൺഷിപ് വേണമെന്നായി മാറി.

ഏതായാലും കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്തതുകൊണ്ട് ഇലോൺജെറ്റ് (@ElonJet) എന്ന ട്വിറ്റർ അക്കൗണ്ട് തുടർന്നുപോരുകയാണ് ഈ ‘പയ്യൻസ്’. യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിലെ വിദ്യാർഥിയാണ് ജാക് സ്വീനി. അതേ സമയം ജാക്കിന്റെ ട്വിറ്റർ ബോട്ട് അക്കൗണ്ടുകൾ സ്വകാര്യതാലംഘനമാണെന്ന വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്. പ്രസിദ്ധരായ വ്യക്തികളുടെ വിമാനങ്ങൾക്കു പുറമേ ഉല്ലാസനൗകകളും യാത്ര ചെയ്യുമ്പോൾ റൂട്ട് സഹിതം ട്വിറ്റർ അക്കൗണ്ടിൽ വരും.

ഇലോൺ മസ്കിൽ തുടങ്ങിയ ട്രാക്കിങ് ഇപ്പോൾ എത്തിനിൽക്കുന്നത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ, അദ്ദേഹവുമായി ബന്ധമുള്ള കോടീശ്വരന്മാർ എന്നിവരിലാണ് (@PutinJet). റഷ്യ–യുക്രൈൻ യുദ്ധത്തിനു പിന്നാലെയാണ് ജാക് തന്റെ ‘റഡാർ’ റഷ്യയിലേക്കു തിരിച്ചത്. യുദ്ധത്തിൽ യുക്രൈനൊപ്പമാണ് ജാക്. അതു തന്നെയാണ് പുടിനെ ഉന്നംവയ്ക്കാനുള്ള കാരണവും.

വിമാനങ്ങളെ ട്രാക്ക് ചെയ്യാനുള്ള ഓട്ടമാറ്റിക് ഡിപ്പൻഡന്റ് സർവെയിലൻസ്–ബ്രോ‍ഡ്കാസ്റ്റ് അഥവാ എഡിഎസ്–ബി എല്ലാ ഫ്ലൈറ്റുകളിലുമുണ്ട്. ഫ്ലൈറ്റിന്റെ ഉയരം, വേഗം, ജിപിഎസ് ലൊക്കേഷൻ, കോൾ സൈൻ എന്നിവ നിശ്ചിത റേഡിയോ ഫ്രീക്വൻസിയിൽ വിനിമയം ചെയ്യും. ഈ ഡേറ്റ പല പോർട്ടലുകളിലും ലഭ്യമാണ്. പബ്ലിക് എയർവേവ് ഉപയോഗിക്കുന്നതിനാൽ എഡിഎസ്–ബി സിഗ്നലുകൾ ആർക്കും ലഭ്യമാകും.

“എന്നെ പിന്തുടരുന്ന പലരും പറഞ്ഞതു പ്രകാരമാണ് ഞാനിതുതുടങ്ങുന്നത്. യുക്രൈനെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. കൂടുതൽ സുതാര്യത, പബ്ലിക് ‍ഡേറ്റ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഞാനിതിനെ കാണുന്നത്,“ എന്നാണ് പുടിനെ ട്രാക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പയ്യൻ്റെ പ്രതികരണം!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.