![](https://www.nrimalayalee.com/wp-content/uploads/2022/03/Qatar-Children-Below-12-Mask-Mandate.jpg)
സ്വന്തം ലേഖകൻ: ഇന്നു മുതൽ ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും പന്ത്രണ്ടിൽ താഴെ പ്രായമുള്ള വിദ്യാർഥികൾക്ക് മാസ്‌ക് നിർബന്ധമില്ല. പുതിയ തീരുമാനം ഇന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നത്.
12 ന് മുകളിൽ പ്രായമുള്ളവർക്ക് മാസ്‌കിൽ ഇളവുകളില്ല. എല്ലാ വിദ്യാർഥികളും സാമൂഹിക അകലം, കൈകളുടെ ശുചിത്വം ഉൾപ്പെടെയുള്ള കോവിഡ് മുൻകരുതലുകൾ പാലിക്കണം. കോവിഡ് വാക്‌സീൻ എടുക്കാത്ത വിദ്യാർഥികൾക്കുള്ള പ്രതിവാര റാപ്പിഡ് ആന്റിജൻ പരിശോധനാ വ്യവസ്ഥയിലും മാറ്റമില്ല.
കിന്റര്‍ഗാര്‍ഡനുകളിലും ഈ ഇളവ് ബാധകമാണ്. അതേസമയം, മാസ്‌ക് ധരിക്കുവാന്‍ താത്പര്യമുളള വിദ്യാര്‍ഥികള്‍ക്ക് ഇത് തുടരാമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, വാക്സിനെടുക്കാത്ത കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ വീടുകളില്‍ വെച്ച് നടത്തുന്ന ആന്റിജന്‍ പരിശോധന തുടരണം.
ഹോം ആന്റിജന്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയാല്‍ മതിയാകും. അതേസമയം, ഒരിക്കല്‍ കോവിഡ് വന്ന് ഭേദമായ കുട്ടികള്‍ക്ക് ഈ പരിശോധന ആവശ്യമില്ല. അതിനിടെ, ഖത്തറിലെ ആക്ടീവ് കോവിഡ് കേസുകള്‍ ആയിരത്തിന് താഴെയായി കുറഞ്ഞു.
നിലവില്‍ 982 പേരാണ് കോവിഡ് ബാധിതരായി രാജ്യത്തുള്ളത്. വ്യാഴാഴ്ച 68 പേര്‍ക്ക് കൂടി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്. വ്യാഴാഴ്ച 143 പേര്‍ രോഗമുക്തരായി. നിലവില്‍ ഐസിയുവില്‍ കഴിയുന്ന മൂന്നു പേര്‍ ഉള്‍പ്പെടെ 27 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല